വർധിച്ചു വരുന്ന ലഹരി – അക്രമ പ്രവണതകൾക്കെതിരെ സഹോദര്യത്തിലധിഷ്ടിതമായ സാമൂഹിക പ്രതിരോധമുയർത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

സമൂഹത്തിൽ നിരന്തരം വർധിച്ചു വരുന്ന ലഹരി ഉപയോഗ -അക്രമണ പ്രവണതകൾക്ക് സംരക്ഷണമൊരുക്കുന്ന ഭരണകൂടവും ഹിംസാത്മക രാഷ്ട്രീയവുമാണ് പ്രധാന ഉത്തരവാദികളെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ്. വയലൻസ് എന്നത് ആളുകളുടെ സ്വഭാവ – സംസ്‍കാരത്തിലേക്ക് അരിച്ചിറങ്ങുകയും പരസ്പരം വലിയ രീതിയിലുള്ള പകപൊക്കലുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇത് കേവലം പുതുതലമുറയുടെ വഴി തെറ്റൽ എന്നോ അരാഷ്ട്രീയത എന്നോ തീർപ്പു കൽപിക്കാതെ പൊതുസമൂഹം കൂട്ടുത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ലഹരി മാഫിയകൾക്ക് എല്ലാ വിധ സംരക്ഷണവും ഒരുക്കുന്ന ഭരണകൂടവും അതിന് ഒത്താശ ചെയ്യുന്ന ഡാംസഫ് പോലെയുള്ള ലഹരി വിരുദ്ധ സ്പെഷ്യൽ പോലീസ് ഫോഴ്സും കാമ്പസുകളിൽ വയലൻസ് പ്രവർത്തന മാതൃകയായി സ്വീകരിച്ച വിദ്യാർത്ഥി സംഘടനകളുമെല്ലാം ഇതിന് പ്രധാന ഉത്തരവാദികളാണ്.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിനും കോട്ടയം നഴ്സിങ് കോളേജിലെ മനുഷ്യത്വ വിരുദ്ധമായ റാഗിങിനും പിന്നിൽ പ്രതിപ്പട്ടികയിലുള്ള എസ്.എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ കേവലം അരാഷ്ട്രീയതയെ പഴിചാർന്ന് വിഷയത്തിൽ നിന്ന് ഒളിച്ചോടുന്നത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്.

ഏറ്റവും ഒടുവിൽ താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ട്യൂഷൻ സെന്ററിൽ വെച്ചുണ്ടായ വാക് തർക്കത്തെ തുടർന്ന് ഒരു വിദ്യാർത്ഥിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചേർന്നതും ഇത്തരത്തിൽ വർധിച്ചു വരുന്ന അക്രമണ പ്രവണതകൾക്കും ലഹരി ഉപയോഗങ്ങൾക്കും വ്യത്യസ്തമായ സാമൂഹിക- രാഷ്ട്രീയ കാരണങ്ങളുണ്ട് എന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഗാഡ്ജറ്റുകൾക്കൊപ്പം വളർന്നു വരുന്ന പുതുതലമുറയുടെ സാമൂഹിക – മാനസ്സികാവസ്ഥയെ മനസ്സിലാക്കുന്ന പാരൻ്റിംഗ് അവബോധമില്ലാത്തതും അതിനനുസൃതമായ വിദ്യാഭ്യാസ – പാഠ്യരീതികൾ ആവിഷ്കരിക്കാത്തതുമെല്ലാം ഇതിൻ്റെ കാരണങ്ങളാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനസമൂഹങ്ങൾ ലഹരി ഉപയോഗങ്ങൾക്ക് അടിമപ്പെടുന്നതിന് സവിഷേശമായ സമഗ്ര പരിഹാരങ്ങൾ ഭരണകൂടവും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളും കാണേണ്ടതുണ്ട്.

സാമൂഹിക രാഷ്ട്രീയ കാരണങ്ങൾക്ക് പുറമെ നൈതികമായ കൂടി ഇത്തരം പ്രവണതകളെ മനസ്സിലാക്കുമ്പോഴോ കൃത്യമായ പരിഹാര മാർഗങ്ങൾ മുന്നോട്ട് വെക്കാൻ കഴിയുകയുള്ളൂ.

അക്രമണ പ്രവണതകൾക്കും ലഹരി ഉപയോഗങ്ങൾക്കും പിന്നിലുള്ള കാരണങ്ങളെ കണ്ടെത്തി ഇല്ലാതാകുന്നതിൽ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ ഈ പ്രവണതകൾക്ക് രാഷ്ട്രീയ പിൻബലം നൽകുന്നതാണ്. അക്രമണങ്ങളെ സാധാരണവത്കരിക്കുന്ന ഭരണകൂട നടപടികൾ അത്യന്തം അപകടകരമാണ്. സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെയും അക്രമണ മനോഭാവത്തിനുമെതിരെ സാഹോദര്യത്തിലധിഷ്ഠിതമായ സാമൂഹിക പ്രതിരോധം ഉയർന്നു വരേണ്ടതുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ സംസ്ഥാന വ്യാപകമായി മണ്ഡലം – ക്യാമ്പസ്‌ തലങ്ങളിൽ വ്യത്യസ്ത ഇടപെടലുകൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ്‌ നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ സഈദ് ടി കെ, ഗോപു തോന്നക്കൽ, ബാസിത്ത് താനൂർ, ഷമീമ സക്കീർ, അമീൻ റിയാസ്, രഞ്ജിത ജയരാജ്‌, ആഷിക് ടി എം, സഹല ഇ പി എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News