ഇറ്റലിയിലെ ഒരു കൊട്ടാരത്തിനടിയിൽ ഒരു രഹസ്യ പാത ശാസ്ത്രജ്ഞരുടെ ഒരു സംഘം കണ്ടെത്തി. 1495-ൽ ലിയോനാർഡോ ഡാവിഞ്ചി വരച്ച ഒരു രേഖാചിത്രത്തെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഒരു ഭൂഗർഭ പാതയായിരിക്കാം അതെന്ന് അവർ വിശ്വസിക്കുന്നു. പ്രശസ്ത ചിത്രകാരനും ശാസ്ത്രജ്ഞനും വാസ്തുശില്പിയുമായ ലിയോനാർഡോ ഡാവിഞ്ചി, കോട്ടയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമ്പോൾ സൈനികരെ വേഗത്തിലും സുരക്ഷിതമായും ഒഴിപ്പിക്കുന്നതിനായി ഈ തുരങ്കത്തിന്റെ മാതൃക വരച്ചതായി പറയപ്പെടുന്നു.
റിപ്പോർട്ട് അനുസരിച്ച്, 2021 മുതൽ 2023 വരെ പതിനഞ്ചാം നൂറ്റാണ്ടിലെ സ്ഫോർസ കൊട്ടാരത്തിന്റെ ഭൂഗർഭ ഘടന ഡിജിറ്റലായി മാപ്പ് ചെയ്യാൻ പോളിടെക്നിക്കോ ഡി മിലാനോയിലെ (മിലാൻ സർവകലാശാല) ശാസ്ത്രജ്ഞർ നിലത്തു തുളച്ചുകയറുന്ന റഡാറും ലേസർ സ്കാനിംഗും ഉപയോഗിച്ചു.
“നമ്മുടെ നഗരങ്ങളിൽ എത്രമാത്രം ചരിത്രം ഒളിഞ്ഞിരിക്കുന്നുവെന്ന് ഞങ്ങളുടെ കണ്ടെത്തലുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ചരിത്രം സംരക്ഷിക്കാൻ വസ്തുതകളും വാസ്തുവിദ്യയെക്കുറിച്ചുള്ള ധാരണയും ഉപയോഗിച്ച് നാം പ്രവർത്തിക്കണം,” സർവേയിൽ ഉൾപ്പെട്ട ഗവേഷകയായ ഫ്രാൻസെസ്ക ബയോള മാധ്യമങ്ങളോട് പറഞ്ഞു.
ആ സമയത്ത് ലിയനാർഡോ ഡാവിഞ്ചി ഡ്യൂക്ക് ലുഡോവിക്കോ സ്ഫോർസയുടെ കൊട്ടാരത്തിൽ ഒരു സൈനിക വാസ്തുശില്പിയായി ജോലി ചെയ്യുകയായിരുന്നു. അതേസമയം, കോട്ടയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം ചില പ്രതിരോധ ഘടനകൾ രൂപകൽപ്പന ചെയ്തു, അത് സ്ഫോർസ കൊട്ടാരത്തിന്റെ രൂപരേഖയുമായി വളരെ സാമ്യമുള്ളതാണ്.
“ചരിത്രം കഴിയുന്നത്ര കൃത്യമായി പുനർനിർമ്മിക്കേണ്ടത് വളരെ പ്രധാനമാണ്. ലിയോനാർഡോയുടെ ചിത്രങ്ങൾ സാങ്കൽപ്പികമായിരുന്നു, അവ യഥാർത്ഥ ഘടനകളെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളവയല്ല, മറിച്ച് കടലാസിലെ ചിത്രങ്ങൾ മാത്രമായിരുന്നു,” ലിയോനാർഡോ ഡാവിഞ്ചിയിൽ വിദഗ്ദ്ധയായ ഡോ. ഫ്രാൻസെസ്ക ഫിയോറാനി സിഎൻഎന്നിനോട് പറഞ്ഞു.