തൃശൂർ: തൃശൂർ നെടുപുഴയിൽ മാരക മയക്കുമരുന്നുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. നെടുപുഴ സ്വദേശികളായ ആജ്ഞേയനന്‍ (19), അലൻ (19), അരുൺ (24) എന്നിവരാണ് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും സഹിതം അറസ്റ്റിലായത്. ഇവരില്‍ അലനും അരുണും സഹോദരങ്ങളാണ്.
അലന്റെ വാടക വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടയുടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും വാടക വീട്ടിൽ യുവാക്കൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായും പോലീസ് പറയുന്നു. അലന്റെയും അരുണിന്റെയും പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇവരുടെ അമ്മ വിദേശത്താണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, കണ്ണൂരിലെ നാറാത്ത് ടിസി ഗേറ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ വീടുകളിൽ റെയ്ഡ് നടത്തി 17 ഗ്രാം എംഡിഎംഎ, 2.5 കിലോയിൽ കൂടുതൽ കഞ്ചാവ്, അര കിലോ ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു. പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ കുറച്ചുനാളായി വാടക വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. ഈ വിവരത്തെ തുടർന്ന് എക്സൈസ് വകുപ്പ് വീട് നിരീക്ഷിച്ചുവരികയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി ഷാബുവിന്റെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്താണ് ഇവരെ അറസ്റ്റ് ചെയ്തത്.