മുംബൈ: തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു. ക്രൂ അംഗങ്ങളുള്‍പ്പടെ 320 ലധികം ആളുകളുമായി പറന്ന വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു, സുരക്ഷാ ഏജൻസികളുടെ നിർബന്ധിത പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് പ്രസ്താവനയില്‍ പറഞ്ഞു.
“ഇന്ന് 2025 മാർച്ച് 10 ന് AI119 മുംബൈ-ന്യൂയോർക്ക് (JFK) വിമാനം പറക്കുന്നതിനിടെ സുരക്ഷാ ഭീഷണിയുണ്ടെന്ന് വിവരം ലഭിച്ചതോടെ ആവശ്യമായ പ്രോട്ടോക്കോളുകൾ പാലിച്ച ശേഷം, വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു,” പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നതായും വിമാനത്തിന്റെ ടോയ്‌ലറ്റുകളിലൊന്നിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായും വൃത്തങ്ങൾ അറിയിച്ചു. ബോയിംഗ് 777-300 ഇആർ വിമാനത്തിൽ ക്രൂ അംഗങ്ങൾ ഉൾപ്പെടെ 322 പേർ ഉണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.