നിദ്രയും ഭദ്രതയും (കവിത) : തൊടുപുഴ കെ ശങ്കർ മുംബൈ

നിദ്രയിലരുതാർക്കും തെല്ലുമേ ഭ്രമം, ദീർഘ-
നിദ്രയിലാഴാനുള്ള തല്ലല്ലോ ഒരു ദിനം!
കുമ്പയും നിറച്ചൊന്നു മേശിടാതല്ലോ ചിലർ
കുംഭകർണ്ണനും തോറ്റു പോകുമാറുറങ്ങുന്നു!

ഉണ്ണുവാൻ ഉറങ്ങുവാൻ മാത്രമായ് ജീവിക്കുന്നോർ
കന്നുപോൽ വളരുന്നു കാലങ്ങളറിയാതെ!
കാണുന്നോർക്കവർ വെറും കഥയേ യില്ലാത്തവർ
കാണുന്നില്ലവർ മറ്റുള്ളോരെയുമൊരിക്കലും!

ഉറക്കം കൂടിപ്പോയാൽ ഉടലിൽ പിത്തം കൂടും
ഉള്ളിലാലസ്യം കൊടുമുടിപോൽ വളർന്നിടും!
ഉറക്കം കുറഞ്ഞാലോ കൃത്യത്തിൽ വിലോപവും
ഉള്ളതുമില്ലാതാകു മവ്വിധം തുടർന്നെന്നാൽ!

നിദ്രയിലതിപ്രിയ മായെന്നാൽ കുടുംബത്തിൻ
ഭദ്രത ദൈനം ദിനം ക്ഷയിക്കു മൽപ്പാൽപ്പമായ്!
മദ്യവുംഅമിതമാം നിദ്രയുമൊന്നിച്ചേർന്നാൽ
ഉദ്യമിച്ചീടാനുള്ള ശേഷിയേയില്ലാതാകും!

ഉറക്കം മൂലം സ്വന്തം നാടിനെ ഗൗനിക്കാതെ
ഉലകിൽ കഴിഞ്ഞിരുന്നെത്രയോ മഹാനൃപർ!
കുറവില്ലിന്നും സ്വന്തം കണ്ണുകൾ തുറന്നുവ-
ച്ചുറങ്ങി കഴിയുന്ന ഭരണാധിപന്മാരും!

ഓർക്കുവിൻ, ഉറങ്ങുവാൻ നിശ്ചിത നേരം മാത്രം
ഓർമ്മയും വേണം നേരത്തുണരാനതുപോലെ!
ഉള്ളുണർന്നിരിക്കേണമേതു നേരവും ക്ഷീണം
തളർത്തിക്കിടത്തുന്ന ഗാഢ നിദ്രയിൽ പോലും!

Print Friendly, PDF & Email

Leave a Comment

More News