തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന് ആശാ വർക്കർമാരുടെ സംഘടന പ്രഖ്യാപിച്ചു. ചർച്ചകൾക്ക് ശേഷം, ആശാ വർക്കർമാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചർച്ച ചെയ്യുകയോ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ലെന്ന് സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന് പണമില്ലെന്നും, സമയം നൽകണമെന്നും, സമരം പിൻവലിക്കണമെന്നും എൻഎച്ച്എം പ്രതിനിധികൾ ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്നും, സമരം തുടരുമെന്നും ആശാ വർക്കർമാർ പറഞ്ഞു. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് മിനി വ്യക്തമാക്കി.
NHM ഡയറക്ടർ വിനോയ് ഗോയല്‍ നേതൃത്വം നല്‍കിയ ചർച്ചയ്ക്ക് വിളിച്ചു. നിരാഹാര സമരം ഉൾപ്പെടെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുമ്പോഴാണ് ആശാ തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നും ആശാ തൊഴിലാളികൾ പ്രതികരിച്ചു. ഒരു മാസത്തിലേറെയായി സമരം നീണ്ടുനിന്ന ശേഷമാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചതെന്നും അവര്‍ പറഞ്ഞു.