യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ആക്രമണം ചൈനയ്ക്കു നേരെയാണ്. ആര് ആർക്ക് മേൽ കൂടുതൽ തീരുവ ചുമത്തും എന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോള്‍ മത്സരിക്കുകയാണ്. ഈ തീരുവ യുദ്ധത്തിൽ ഇന്ത്യയുടെ പ്രാധാന്യവും വർദ്ധിച്ചു. ഇന്ത്യയും ചൈനയും ഒരുമിച്ച് താരിഫ് വെല്ലുവിളികളെ മറികടക്കുമെന്ന് ചൈന ഇതിനകം പറഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോൾ അമേരിക്കയും ഈ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ആഗ്രഹിക്കുന്നു. ഇന്ത്യ ഞങ്ങളുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണെന്ന് യുഎസ് ധനകാര്യ സെക്രട്ടറി സ്കോട്ട് ബസന്റ് പറഞ്ഞതിന്റെ പൊരുള്‍ അതാണ് സൂചിപ്പിക്കുന്നത്.
ചൈനയ്ക്ക് 125 ശതമാനം തീരുവ ചുമത്തുന്നതിനെ കുറിച്ച് വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത്. ഈ പ്രശ്നം രാജ്യത്തെ മാത്രമല്ല, ആഗോള വ്യാപാരത്തിലെ മോശം പങ്കാളികളെയും കുറിച്ചാണ്. താരിഫ് പ്രഖ്യാപനങ്ങൾക്കിടയിലുള്ള വ്യാപാര ചർച്ചകൾ പ്രധാനമായും ചൈനയുടെ അയൽക്കാരായ ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവയുമായാണ് നടക്കുന്നതെന്നും ബ്രീഫിംഗിനിടെ ബസന്റ് പറഞ്ഞു.
“ചൈനയുടെ അയൽക്കാരെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഞാൻ വിയറ്റ്നാം കണ്ടിട്ടുണ്ട്. ജപ്പാൻ മുന്നിൽ, ദക്ഷിണ കൊറിയയും ഇന്ത്യയും തൊട്ടുപിന്നിലുണ്ട്. ഞാൻ ആവർത്തിച്ച് പറഞ്ഞതുപോലെ, പ്രസിഡന്റ് ട്രംപ് നാല് വർഷമായി പറഞ്ഞതുപോലെ, ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും അസന്തുലിതമായ സമ്പദ്‌വ്യവസ്ഥയാണ് ചൈന, അമേരിക്കൻ വ്യാപാര പ്രശ്‌നങ്ങളുടെ ഏറ്റവും വലിയ ഉറവിടം അവരാണ്. വാസ്തവത്തിൽ അവ ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് ഒരു പ്രശ്നമാണ്,” അദ്ദേഹം പറഞ്ഞു.
“ഞാൻ ഇതിനെ ഒരു വ്യാപാര യുദ്ധം എന്ന് വിളിക്കുന്നില്ല, പക്ഷേ ചൈന അത് കൂടുതൽ വഷളാക്കിയിരിക്കുന്നുവെന്നും പ്രസിഡന്റ് അതിനോട് വളരെ ധീരമായി പ്രതികരിച്ചുവെന്നും ഞങ്ങളുടെ വ്യാപാര പങ്കാളികളുമായി ഒരു പരിഹാരത്തിനായി ഞങ്ങൾ പ്രവർത്തിക്കും എന്നാണ് ഞാൻ പറയുന്നത്,” അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ഈ താരിഫ് യുദ്ധത്തിലും ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. രാജ്യത്തിന്റെ താൽപ്പര്യത്തിനനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഏറ്റവും നല്ല താൽപ്പര്യത്തിനായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്, പരിഹാരങ്ങൾ തേടുകയാണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ തീരുവകൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ പരസ്പര നേട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വക്താവ് യു ജിംഗ് X-ലെ ഒരു പോസ്റ്റിൽ പറഞ്ഞു. “അമേരിക്ക താരിഫുകൾ ദുരുപയോഗം ചെയ്യുന്നു, അത്തരമൊരു സാഹചര്യത്തിൽ രണ്ട് വലിയ വികസ്വര രാജ്യങ്ങൾ ബുദ്ധിമുട്ടുകൾ നേരിടാൻ ഒരുമിച്ച് നിൽക്കണം,” അദ്ദേഹം പറഞ്ഞു.
അതിനിടെ, അമേരിക്കയും വിയറ്റ്നാമും ഒരു വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചതായി വിയറ്റ്നാം സർക്കാർ പ്രസ്താവനയില്‍ പറഞ്ഞു. വിയറ്റ്നാമിന് മേൽ യുഎസ് 46% തീരുവ ചുമത്തിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇത് പറഞ്ഞത്. പല പാശ്ചാത്യ കമ്പനികൾക്കും വിയറ്റ്നാം ഒരു പ്രധാന പ്രാദേശിക ഉൽപ്പാദന കേന്ദ്രമാണ്. അമേരിക്കയാണ് അവരുടെ ഏറ്റവും വലിയ കയറ്റുമതി വിപണി.