ന്യൂയോർക്ക്: വ്യാഴാഴ്ച (ഏപ്രിൽ 10) ന്യൂയോർക്ക് സിറ്റിയിൽ ഹഡ്‌സൺ നദിയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു.
അപകടത്തിൽ കൊല്ലപ്പെട്ടവർ സ്പെയിനിൽ നിന്നുള്ള ഒരേ കുടുംബത്തിൽ പെട്ടവരാണെന്നും ഹെലികോപ്റ്റർ പൈലറ്റും അവരോടൊപ്പം ഉണ്ടായിരുന്നുവെന്നും ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. അപകടത്തെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ മേയർ ആഡംസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. “നിലവിൽ ആറ് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തു, ദുഃഖകരമെന്നു പറയട്ടെ, അവരെല്ലാം മരിച്ചു. വളരെ ദുഃഖകരവും ഹൃദയഭേദകവുമായ അപകടം,” അദ്ദേഹം പറഞ്ഞു.
ഇരകളുടെ പേരുകൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, സ്പെയിനിലെ സീമെൻസിന്റെ ചെയർമാനും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ മൂന്ന് കുട്ടികളും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
ഈ ദാരുണമായ സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അനുശോചനം രേഖപ്പെടുത്തി. “ഹഡ്‌സൺ നദിയിൽ ഒരു ഭയാനകമായ ഹെലികോപ്റ്റർ അപകടം സംഭവിച്ചു. പൈലറ്റ്, രണ്ട് മുതിർന്നവർ, മൂന്ന് കുട്ടികൾ എന്നിവരുൾപ്പെടെ ആറ് പേർ ഇപ്പോൾ നമ്മുടെ ഇടയിൽ ഇല്ലെന്ന് തോന്നുന്നു. അപകടത്തിന്റെ വീഡിയോ വളരെ ഭയാനകമാണ്,” എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത്’ ൽ എഴുതി. ഇരകളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിച്ച ട്രംപ്, ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും സംഘവും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പറഞ്ഞു.
“ഈ ബെൽ 206 ഹെലികോപ്റ്റർ ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് കമ്പനിയുടെ വകയായിരുന്നു. നഗരത്തിലെ ഒരു ഹെലികോപ്റ്റർ പാഡിൽ നിന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഹെലികോപ്റ്റർ പറന്നുയർന്നു. ഹഡ്‌സൺ നദിക്ക് മുകളിലൂടെ വടക്കോട്ട് പോയി. ജോർജ്ജ് വാഷിംഗ്ടൺ പാലത്തിന് സമീപം ഹെലികോപ്റ്റർ എത്തിയപ്പോൾ അത് തെക്കോട്ട് തിരിഞ്ഞ് കുറച്ച് മിനിറ്റുകൾക്ക് ശേഷം അപകടത്തിൽപ്പെട്ടു. ഉച്ചകഴിഞ്ഞ് 3:15 ഓടെ, ലോവർ മന്‍ഹാട്ടനു സമീപം അത് നദിയിലേക്ക് വീണു,” സംഭവത്തെക്കുറിച്ച് വിവരങ്ങൾ നൽകിക്കൊണ്ട് ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, ഒരു വലിയ വസ്തു നദിയിലേക്ക് വീഴുന്നത് കാണാം, അതിനുശേഷം നിമിഷങ്ങൾക്കുള്ളിൽ, ഒരു ഹെലികോപ്റ്റർ ബ്ലേഡിന് സമാനമായ എന്തോ ഒന്ന് കാണാം. ഇതിനുശേഷം, അടിയന്തര സേവന വിഭാഗവും പോലീസ് ബോട്ടുകളും ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
https://truthsocial.com/@realDonaldTrump/114316199673595819