CMRL – ​​എക്സലോജിക് ഇടപാട്; SFIO റിപ്പോർട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

എറണാകുളം: സിഎംആർഎൽ-എക്സലോജിക് ഇടപാടിൽ എസ്എഫ്ഐഒ റിപ്പോർട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയക്കും.

ഇതോടെ വീണ ഉൾപ്പെടെയുള്ള കുറ്റാരോപിതര്‍ കോടതിയിൽ ഹാജരാകേണ്ടിവരും. എക്സലോജിക്-സിഎംആർഎൽ ഇടപാടിൽ എസ്എഫ്ഐഒ കുറ്റപത്രത്തിൽ വീണയെ പതിനൊന്നാം പ്രതിയായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. സിഎം ആർഎൽ എംഡി ശശിധരൻ കർത്ത ഒന്നാം പ്രതിയാണ്. സിഎംആർഎൽ, എക്സലോജിക് ഉൾപ്പെടെ അഞ്ച് കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്.

നിപുണ ഇന്റർനാഷണൽ, സസ്ജ ഇന്ത്യ, എംപവർ ഇന്ത്യ എന്നിവരെ പ്രതികളായി എസ്‌എഫ്‌ഐഒ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർ നടപടികൾക്ക് സ്റ്റേ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, എസ്‌എഫ്‌ഐഒ കോടതിയലക്ഷ്യമാണ് നടത്തിയതെന്ന് സിഎംആർഎൽ വാദിക്കുന്നു.

ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് എസ്‌എഫ്‌ഐഒ കൊച്ചി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്നും പ്രതിഭാഗം വാദിച്ചു. കേസ് കേട്ട ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് ഹർജികൾ മാറ്റണമെന്ന വാദം ഡൽഹി ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News