യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

ആണവായുധങ്ങളും ശത്രുതയും വെച്ചുപുലര്‍ത്തുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തുടർച്ചയായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ദക്ഷിണേഷ്യയുടെ സമാധാനം അപകടത്തിലായിരിക്കുകയാണ്. അത് പലരുടെയും മനസ്സിൽ നാശത്തിന്റെയും തിരസ്ക്കരണത്തിന്റെയും ഇരുണ്ട ചിത്രമാണ് വരച്ചുകാട്ടുന്നത്. മാത്രമല്ല, ഒരു വികലമായ വിധിയെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഭാവിയിൽ ഭയാനകമായ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക.

യുദ്ധം എന്നത് അരാജകത്വത്തിൽ നിന്നും താൽപ്പര്യ സംഘർഷത്തിൽ നിന്നും ജനിക്കുന്ന ഒരു അവസ്ഥയാണ്. അത് രക്തച്ചൊരിച്ചിലിലും, പരിക്കുകളിലും, കഷ്ടപ്പാടുകളിലും കലാശിക്കുകയേ ഉള്ളൂ. ചരിത്രം പരിശോധിച്ചാല്‍ ദീർഘകാല യുദ്ധങ്ങൾ മനുഷ്യ സ്വഭാവത്തിന്റെ ഒരു സ്ഥിരമായ സ്വഭാവമായി നമുക്കു കാണാന്‍ കഴിയും. യുദ്ധം പലപ്പോഴും നാശത്തിലും നിരാശയിലും അവസാനിച്ചിട്ടേ ഉള്ളൂ.

മുപ്പതു വർഷത്തെ യുദ്ധം (1618-1648), പ്രധാനമായും ഒരു മതപരമായ സംഘർഷമായിരുന്നു. അത് യൂറോപ്പിലുടനീളം വൻ നാശത്തിനും ജീവഹാനിക്കും കാരണമായി. മഹായുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ലോക മഹായുദ്ധം (1914-1918) തന്നെ പരിശോധിച്ചാല്‍, അത് വ്യാപകമായ അക്രമത്തിനും നാശത്തിനും കാരണമായതായി കാണാം. രണ്ടാം ലോകമഹായുദ്ധം തന്നെ, അച്ചുതണ്ട് ശക്തികളും (ജർമ്മനി, ഇറ്റലി, ജപ്പാൻ) സഖ്യശക്തികളും (ഫ്രാൻസ്, ഗ്രേറ്റ് ബ്രിട്ടൻ, യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന) ചില നിഷ്പക്ഷ രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം കഠിനമായ പോരാട്ടങ്ങൾക്ക് കാരണമായി. അത് വലിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുകയും ചെയ്തു. ഏകദേശം 60 മുതൽ 80 ദശലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ചരിത്രം പറയുന്നത്. തന്നെയുമല്ല, അത് ആഗോളതലത്തിൽ ദുഃഖത്തിനും നാശത്തിനും കാരണമാകുകയും ചെയ്തു. അതിന്റെ അനന്തരഫലങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ ഭക്ഷ്യക്ഷാമത്തിലേക്കും പോഷകാഹാരക്കുറവിലേക്കും വ്യാപകമായ രോഗങ്ങളിലേക്കും തള്ളിവിടുകയും ചെയ്തു.

കൂടാതെ, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബോംബാക്രമണം നേരിട്ട രാജ്യമായിരുന്നു വിയറ്റ്നാം. 6.1 ദശലക്ഷം ടണ്ണിലധികം ബോംബുകളാണ് അവിടെ വര്‍ഷിച്ചത്. അതായത് രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചതിന്റെ മൂന്നിരട്ടിയോളം ബോംബുകള്‍!!. വിയറ്റ്നാം യുദ്ധം (1955-1975) കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഏകദേശം100,000 യുഎസ് സൈനികർക്ക് കൈകാലുകള്‍ നഷ്ടപ്പെടുകയോ അംഗവൈകല്യങ്ങള്‍ വരികയോ ചെയ്തു, എണ്ണമറ്റ സാധാരണക്കാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു.

ദാരുണമെന്നു പറയട്ടെ, 2023 ഒക്ടോബർ 7 ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 61,709 നിരപരാധികളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. അതൊരു വംശഹത്യയായിരുന്നു എന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. അതിന്റെ അനന്തരഫലമായി, മുസ്ലീം ലോകമെമ്പാടും വെറുപ്പും അമ്പരപ്പും പടർന്നു.

ഈ യുദ്ധങ്ങളെല്ലാം, അവയുടെ തുടക്കം മുതൽ, ഒന്നുകിൽ സമൂഹങ്ങളെ നശിപ്പിച്ചിട്ടുണ്ട് അല്ലെങ്കിൽ സാധാരണക്കാരായ മനുഷ്യരെ സാമൂഹികമായും മാനസികമായും ആഘാതത്തിലാക്കിയിട്ടുണ്ട്. യുദ്ധം സമാധാനവും സ്ഥിരതയും ഇല്ലാതാക്കുന്നു എന്നാണ് ഇതില്‍ നിന്ന് നാം പഠിക്കുന്നത്.

“മറ്റുള്ളവരുമായി യുദ്ധം ചെയ്യുന്നവർ സ്വയം സമാധാനത്തിലല്ല” (Those who are at war with others are not at peace with themselves) എന്ന വില്യം ഹാസ്ലിറ്റിന്റെ ഉദ്ധരണിയാണ് ഇവിടെ ഉപയോഗിക്കാന്‍ ഉചിതമെന്നു തോന്നുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മാനവികത ആഗോളവൽക്കരിക്കപ്പെട്ട, സംഘർഷാനന്തര സമൂഹമായി പരിണമിക്കുമെന്നും, കൂട്ടായ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നിർണായകമായി നീങ്ങുമെന്നും രാഷ്ട്രീയ സൈദ്ധാന്തികനായ ഫ്രാൻസിസ് ഫുകുയാമ ഒരിക്കൽ വിശ്വസിച്ചിരുന്നു. എന്നാല്‍, യാഥാർത്ഥ്യം മറ്റൊന്നാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സമീപകാല നീക്കങ്ങൾ ഈ ദർശനത്തിന് തികച്ചും വിരുദ്ധമാണ്.

ഇന്ത്യ-പാക് ബന്ധങ്ങളുടെ ചരിത്രത്തിൽ കശ്മീരിനെച്ചൊല്ലി മൂന്ന് യുദ്ധങ്ങളാണ് നടന്നത്. അവയെല്ലാം പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുകയും ശത്രുത വർദ്ധിപ്പിക്കുകയും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദുർബലമാക്കുകയും ചെയ്തതല്ലാതെ ഇരു രാജ്യങ്ങള്‍ക്കും പ്രത്യേക ഗുണമൊന്നും ലഭിച്ചതുമില്ല. യുദ്ധക്കൊതിയുടെ പശ്ചാത്തലത്തിൽ വിശ്വാസ്യത നഷ്ടപ്പെടുകയും, ഉഭയകക്ഷി കരാറുകള്‍ കാറ്റില്‍ പറത്തുകയോ പരാജയപ്പെടുകയോ ചെയ്തു.

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പകൽപോലെ സത്യമാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കാണെന്നും, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കൂറുമാറിയ സന്ദീപ് വാര്യര്‍ ഈയ്യിടെ ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു (ആ പോസ്റ്റ് പിന്നീട് ഫെയ്സ്ബുക്ക് നീക്കം ചെയ്തു). അമിത് ഷാ തെരഞ്ഞെടുപ്പ് കുതന്ത്രങ്ങൾ മെനയാനും മറ്റു പാർട്ടിക്കാരെ ജനാധിപത്യവിരുദ്ധമായി തകർക്കാൻ ശേഷിയുള്ളയാളുമാണെന്നാണ് സന്ദീപ് വാര്യര്‍ എഴുതിയത്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ ഒരു സമ്പൂർണ പരാജയമാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ കൈവശമിരിക്കുന്ന ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിൽ അമിത് ഷാ അഗ്രഗണ്യനാണെന്നും, ജനാധിപത്യ വേദിയിൽ തന്നെ വിമർശിക്കുന്നവരെ ഏതറ്റം വരെ പോയും നേരിടുന്നതിൽ ക്രൂരമായ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണെന്നും അദ്ദേഹം തുറന്നടിച്ച് എഴുതി.

അദ്ദേഹം പറയുന്നതില്‍ ചില വാസ്തവങ്ങളുണ്ടെന്ന് പിന്നീട് വാര്‍ത്താ മാധ്യമങ്ങളിലൂടെ ജനം അറിഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം ഒഴിവാക്കാമായിരുന്നു എന്നാണ് 99 ശതമാനം പേരും അവകാശപ്പെടുന്നത്. ആക്രമണത്തെത്തുടര്‍ന്ന് ചേര്‍ന്ന സർവകക്ഷി യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ചിരുന്നു. മിക്ക രാഷ്ട്രീയ പാർട്ടികളും ഇന്റലിജൻസ് പരാജയവും അവിടെ ശരിയായ സുരക്ഷാ സേനയെ വിന്യസിക്കാത്തതും സംബന്ധിച്ച വിഷയം ഉന്നയിക്കുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധിയും ചോദിച്ചു.

എന്നാല്‍, ചുറ്റും ശത്രുക്കളാണെന്ന ബോധം നിലനില്‍ക്കേ തന്നെ ജനങ്ങളുടെ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വാര്‍ത്തകളാണ് കശ്മീര്‍ താഴ്‌വരകളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥലത്ത് പരാജയം സംഭവിക്കുമ്പോള്‍ രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ ചോദ്യ ചിഹ്നമാകും. എങ്ങിനെ ഭീകരര്‍ക്ക് ഇത്ര സമര്‍ത്ഥമായി സുരക്ഷാ പോസ്റ്റുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളാണ് ഇന്ത്യയുടേതെന്നാണ് അവകാശപ്പെടുമ്പോള്‍ പോലും.

പഹല്‍ഗാമില്‍ ഭീകരര്‍ നുഴഞ്ഞു കയറി 26 നിരപരാധികളെ കൊലപ്പെടുത്തിയതിന്റെ പേരിലാണല്ലോ ഇന്ത്യ ഇപ്പോള്‍ പാക്കിസ്താനുമായി യുദ്ധം നടത്തിയത്.. പഹൽഗാം ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നു എന്നും, അദ്ദേഹം കശ്മീര്‍ യാത്ര റദ്ദാക്കിയെന്നും, വിനോദ സഞ്ചാരികളുടെ രക്ഷയ്ക്കായി ഒന്നും ചെയ്തില്ല എന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന തന്നെ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പഹൽഗാം ഭീകരാക്രമണത്തിനു മൂന്ന് ദിവസം മുമ്പ് കശ്മീരിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും, തുടർന്ന് അദ്ദേഹം കശ്മീർ യാത്ര റദ്ദാക്കിയെന്നുമാണ് ഖാര്‍ഗെ പറഞ്ഞത്. തീവ്രവാദ ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടും സർക്കാർ എന്തുകൊണ്ട് എല്ലാവര്‍ക്കും അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയില്ലെന്ന് ഖാർഗെ ചോദിക്കുന്നു.

അത് ഇന്റലിജൻസ് പരാജയമാണെന്ന് സർക്കാർ സമ്മതിച്ചെന്നും, അങ്ങനെയെങ്കില്‍, ഇന്റലിജൻസിലെ പോരായ്മകളെക്കുറിച്ച് സർക്കാരിന് അറിയാമായിരുന്നിട്ടും, എന്തുകൊണ്ട് മെച്ചപ്പെട്ട ഒരു സംവിധാനം നേരത്തെ തന്നെ നടപ്പിലാക്കിയില്ല എന്നും ഖാര്‍ഗെ ചോദിച്ചു. കൂടാതെ, ഇന്റലിജൻസ് പരാജയം സർക്കാർ അംഗീകരിച്ച സ്ഥിതിക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 26 പേരുടെയും ഉത്തരവാദിത്തം മോദി ഏറ്റെടുക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ പറഞ്ഞു.

“ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് മോദിജിക്ക് ഒരു ഇന്‍റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി എനിക്ക് വിവരം ലഭിച്ചു. അതുകൊണ്ടാണ് മോദി ജി തന്‍റെ കശ്‌മീർ സന്ദർശനം റദ്ദാക്കിയത്. അവിടെ പോകുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഒരു ഇന്‍റലിജൻസ് റിപ്പോർട്ട് പറയുമ്പോൾ, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട, പ്രധാനമന്ത്രിയെന്ന നിലയില്‍ ജനങ്ങളെ സംരക്ഷിക്കുന്നതിനായി എന്തുകൊണ്ടാണ് നിങ്ങള്‍, നിങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഇന്‍റലിജൻസ്, ലോക്കൽ പൊലീസ്, അതിർത്തി സേന എന്നിവരെ അറിയിക്കാതിരുന്നത്? വിവരം ലഭിച്ചപ്പോൾ, നിങ്ങൾ നിങ്ങളുടെ പരിപാടി റദ്ദാക്കി. പക്ഷേ വിനോദസഞ്ചാരികളെ സംരക്ഷിക്കാൻ കൂടുതൽ സേനയെ അവിടേക്ക് അയച്ചില്ല,” ഖാര്‍ഗെയുടെ ചോദ്യങ്ങള്‍ക്ക് ഇതുവരെ പ്രധാനമന്ത്രിയോ അമിത് ഷായോ മറുപടി പറഞ്ഞിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ ജനതയ്ക്ക് മാത്രമല്ല, ലോകത്തിനു തന്നെ അതറിയേണ്ട അവകാശമുണ്ട്. മോദി പ്രധാനമന്ത്രിയായതിനു ശേഷം ഇന്നുവരെ ഒരു പത്രസമ്മേളനം പോലും വിളിച്ചുകൂട്ടിയിട്ടില്ല എന്ന നഗ്നസത്യവും ഇവിടെ പ്രസക്തമാണ്.

പഹൽഗാം സംഭവത്തെത്തുടർന്ന്, ഇന്ത്യ ഏകപക്ഷീയമായി സിന്ധു നദീജല കരാർ താത്ക്കാലികമായി റദ്ദ് ചെയ്തു, വാഗ അതിർത്തി അടച്ചു, ഇന്ത്യയിലെ പാക്കിസ്താന്‍ ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടു പോകാന്‍ ഉത്തരവിട്ടു, ഇന്ത്യന്‍ വിസ കൈവശമുള്ള എല്ലാ പാക് പൗരന്മാരെയും മണിക്കൂറുകള്‍ക്കുള്ളില്‍ നാടു കടത്തി, പാക്കിസ്താനില്‍ ജനിച്ച്, ഇന്ത്യയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളെ വേര്‍പെടുത്തി പാക്കിസ്താനിലേക്ക് തിരിച്ചയച്ചു. 15 ദിവസത്തിനുള്ളിൽ, പഞ്ചാബിനെയും കശ്മീരിനേയും ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ പാക്കിസ്താനെതിരെ യുദ്ധവും ആരംഭിച്ചു. പക്ഷെ, ‘എലിയെ പിടിക്കാന്‍ ഇല്ലം ചുട്ടു’ എന്നു പറഞ്ഞപോലെ, പഹല്‍ഗാമില്‍ നുഴഞ്ഞു കയറി 26 നിരപരാധികളെ നിര്‍ദ്ദാക്ഷിണ്യം വെടിവെച്ചു കൊന്ന ആ കാപാലികരെ മാത്രം പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ല.

പഹല്‍ഗാം ആക്രമണത്തിന് മൂന്നു ദിവസം മുമ്പ് കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യഥാസമയം ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കുകയായിരുന്നെങ്കില്‍ ആ 26 നിരപരാധികളുടെ ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ എന്ന് മോദിയുടെ മനഃസ്സാക്ഷി ഒരുപക്ഷെ ചോദിക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടായിരിക്കാം. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ നടത്തിയ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ? എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്ന് ലോകത്തെ അറിയിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കു തന്നെയാണ്.

പഹല്‍ഗാമില്‍ ആക്രമണം നടന്ന വിവരമറിഞ്ഞ് സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന പ്രധാനമന്ത്രി പെട്ടെന്ന് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍, അദ്ദേഹം നേരെ പോയത് ബിഹാറിലെ തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കാനായിരുന്നു. ആ സമയത്തു തന്നെയാണ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് എല്ലാ പരിപാടികളും റദ്ദാക്കി ഇന്ത്യയിലേക്ക് പറന്നത്. അദ്ദേഹം നേരെ പോയത് കശ്മീരിലേക്കായിരുന്നു. അവിടെ അദ്ദേഹം ഭീകരാക്രമണത്തില്‍ ഇരകളായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നിരുത്തരവാദിത്വമില്ലായ്മയില്‍ നിന്ന് മനസ്സിലാക്കുന്നത് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ എന്നാണ്.

തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയുമ്പോഴാണ് 2019 ഫെബ്രുവരി 14-ന് പുല്‍‌വാമയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഓര്‍മ്മ വരുന്നത്. അന്ന് 44 ധീരജവാന്മാരുടെ വീരമൃത്യു രാജ്യത്തേയും ലോകത്തേയും ഞെട്ടിച്ച സംഭവമായിരുന്നു. ആ 44 ജവാന്മാരുടെ ജീവന് ഉത്തരം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പുമായിരുന്നു. പക്ഷെ, ഇന്നുവരെ അതിനൊരുത്തരം അവര്‍ നല്‍കിയിട്ടില്ല. അന്ന് കോണ്‍ഗ്രസും ജനങ്ങളും അതേക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ചോദ്യം ചോദിക്കുന്നവരെ ‘രാജ്യദ്രോഹികള്‍’ ആയി മുദ്രയടിക്കുമെന്ന ഭീഷണിയില്‍ എല്ലാവരും നാവടക്കി. 2019ലെ തിരഞ്ഞെടുപ്പിനു മുമ്പായിരുന്നു ഈ സംഭവം നടന്നതെന്നും കൂട്ടി വായിക്കണം.

പാക്കിസ്താനില്‍ വേരുറപ്പിച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഇന്ത്യയെ ഏതു വിധേനയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അതിര്‍ത്തി സുരക്ഷാ സേനകള്‍ക്കും ആഭ്യന്തര വകുപ്പിനും വ്യക്തമായി അറിയാവുന്നതായിരുന്നു. ജമ്മു കശ്മീരിലാണു പ്രവര്‍ത്തനമെങ്കിലും പാക്കിസ്ഥാനിലാണ് ഈ ഭീകരര്‍ക്ക് ഏറെ ബന്ധങ്ങൾ. കശ്മീര്‍ താഴ്‌വരയിലെ യുവാക്കളെ പ്രലോഭിപ്പിച്ച് അവര്‍ക്ക് പാക്കിസ്ഥാനില്‍ പരിശീലനം കൊടുത്ത്, ആയുധങ്ങളുമായി അതിർത്തി കടത്തി വിട്ടാണ് ഇന്ത്യയിൽ ഇവർ‌ ആക്രമണം നടത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിന് അറിയാമായിരുന്നു.

സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്സ് എന്നിവയ്ക്ക് ഐഇഡി (ഇന്റന്‍സീവ് എക്സ്പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കശ്മീര്‍ പോലീസ് ഐജി മുന്നറിയിപ്പ് നല്‍കിയിരുന്നതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്ലാ മേഖലകളും വിശദമായി പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഈ മുന്നറിയിപ്പുകളുണ്ടായിട്ടും 2547 ജവാന്മാരടങ്ങിയ 78 വാഹനമുള്‍പ്പെടെയുള്ള സംഘത്തെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കൊണ്ടുപോവുകയായിരുന്നുവത്രേ. അതേസമയം, വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും, സുരക്ഷാസേനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവ് വരുത്തിയെന്നും അന്നത്തെ ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്റസ് വിവരശേഖരണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്രയധികം സേനാവ്യൂഹം ജമ്മു കശ്മീരില്‍ ഉണ്ടായിട്ടും, ഇന്റലിജന്‍സ് ബ്യൂറോയ്ക്കും, ആഭ്യന്തര വകുപ്പിനും സൈന്യങ്ങള്‍ക്കും മുന്നറിയിപ്പ് കൊടുത്തിട്ടും എങ്ങനെ ഒരു ഭീകരാക്രമണം നടന്നു എന്നായിരുന്നു അന്ന് പ്രതിപക്ഷമടക്കം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

2016 സെപ്റ്റംബറില്‍ ഉറിയില്‍ നടന്ന ഭീകരാക്രമണം ആരും മറന്നുകാണില്ല. ഇന്ത്യന്‍ ആര്‍മിയുടെ മൂക്കിനു താഴെക്കൂടി വലിഞ്ഞു കയറി വന്ന് അവരുടെ ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം നടത്തിയ നാലു പേരെ കൊന്നെങ്കിലും ഇത്രയും സുരക്ഷയുള്ള പ്രദേശത്ത് എങ്ങനെ ഭീകരര്‍ നുഴഞ്ഞു കയറി എന്ന് ആഭ്യന്തര വകുപ്പ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല ഒരു സംഘടനയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. എന്നാല്‍, ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി അതിന് പകരം ചോദിച്ചു. ആ ഭീകരാക്രമണത്തില്‍ 17 ജവാന്മാര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുകയാണെന്ന് പ്രധാന മന്ത്രി മോദി അന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന പേരില്‍ പാക്കിസ്താനോട് പകരം വീട്ടിയതെന്ന് പറയുമ്പോഴും ആ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ യഥാര്‍ത്ഥത്തില്‍ നടന്നതാണോ അതോ ‘വ്യാജ’മാണോ എന്ന് ഇപ്പോഴും ജനങ്ങള്‍ സംശയിക്കുന്നുണ്ട്. അതേക്കുറിച്ച് “മിണ്ടിപ്പോകരുത്” മിണ്ടിയാല്‍, ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവരെയെല്ലാം രാജ്യദ്രോഹികളായി പ്രഖ്യാപിക്കും എന്ന ഭീഷണിയും സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂര്‍’ സൈനിക നടപടിയില്‍ തീവ്രവാദികളുടെ 9 ഒളിത്താവളങ്ങള്‍ തകര്‍ത്തെന്നും, 70 ലധികം ഭീകരരെ വധിച്ചെന്നും, പാക്കിസ്താനിലേക്ക് കയറി നിരവധി കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തെന്നും, ആ ഓപ്പറേഷന് നേതൃത്വം നല്‍കിയത് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗുമായിരുന്നു എന്നുമൊക്കെ നിരന്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൂടാതെ, കേണല്‍ സോഫിയ ഖുറേഷി യുദ്ധവിമാനം പറത്തുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്… “ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ രാജ്യത്തിന്റെ മകൾ കേണൽ സോഫിയ ഖുറേഷിക്ക് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട്… ഇന്ത്യയുടെ പതാക ലോകത്തിന്റെ നെറുകയിൽ എന്നും ഉയർന്നു തന്നെ നിൽക്കട്ടെ” എന്നുമൊക്കെയുള്ള പ്രചാരണവും തകൃതിയായി നടക്കുന്നു. മേല്‍‌പറഞ്ഞ രണ്ടു പേരും പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിവരിക്കുകയും ചെയ്യുന്നു. എന്നാല്‍, ആ വീഡിയോ വ്യാജമാണെന്ന് എത്ര പേര്‍ക്കറിയാം? കേണല്‍ സോഫിയ ഖുറേഷി യുദ്ധ വിമാനം പറത്തുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് യുഎസ് വ്യോമസേനയിലെ വനിതാ യുദ്ധവിമാന പൈലറ്റായ മേജർ ക്രിസ്റ്റിൻ ബിയോ വുൾഫിന്റെ വീഡിയോ ഉപയോഗിച്ചാണ്. അവര്‍ 2021-ല്‍ നടത്തിയ ഒരു എയര്‍ഷോയുടെ വീഡിയോ ആണ് കേണല്‍ സോഫിയ ഖുറേഷി പാക്കിസ്താനെ ആക്രമിക്കാന്‍ പോകുന്നു എന്ന രീതിയില്‍ ടൈറ്റില്‍ കൊടുത്ത് സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിക്കുന്നത്. ഇന്ത്യന്‍ സൈന്യവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല (ആ വീഡിയോയുടെ ലിങ്ക് കാണുക: https://youtu.be/_OektA4QhJg ). 2021 സെപ്റ്റംബർ 20 ന് ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണത്.

യുദ്ധം ഒരിക്കലും ഒന്നിനും ഒരു ശാശ്വത പരിഹാരമാവില്ല. അതെപ്പോഴും നാശത്തിലും ആശയക്കുഴപ്പത്തിലുമേ അവസാനിക്കൂ. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നതല്ലാതെ സമാധാനത്തിന് തീവ്രമായി ആഗ്രഹിക്കുന്ന സമൂഹത്തെ ഒന്നിപ്പിക്കാനാവില്ല. തന്നെയുമല്ല, മാനവ വിഭവശേഷി കുറയുകയും ഒരു രാജ്യത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുകയും ചെയ്യും.

യുദ്ധക്കൊതിയന്മാരെ സംഭാഷണ മേശയിലേക്ക് കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര നിയമത്തിന്റെയും ആഗോള സമൂഹത്തിന്റെയും ശ്രദ്ധ ആവശ്യമാണ്. സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിന് സമാധാനപരമായ വഴികൾ നൽകണം. ഇത് നാശത്തിന്റെ അളവ് കുറയ്ക്കുകയും കൂടുതൽ സ്ഥിരതയും സമഗ്രതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അതുകൊണ്ട്, നമുക്ക് സമാധാനം കണ്ടെത്താം, യുദ്ധക്കൊതിയന്മാരുടെ മുമ്പാകെ ഒന്നിക്കാം.

യുഎസ് വ്യോമസേനയിലെ വനിതാ യുദ്ധവിമാന പൈലറ്റായ മേജർ ക്രിസ്റ്റിൻ ബിയോ വുൾഫിന്റെ വീഡിയോ:

Print Friendly, PDF & Email

Leave a Comment

More News