52 പദ്ധതികൾ, 7.2 ബില്യൺ ദിർഹം നിക്ഷേപം: നേട്ടത്തിന്റെ 15 വർഷം ആഘോഷിച്ച് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്)

Al Majaz Waterfront

ഷാർജയുടെ വളർച്ചയിൽ നിർണായകമായ നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും തൊഴിലവസര സൃഷ്ടിയുടെയും കണക്കുകൾ പുറത്ത് വിട്ട് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്). ഷാർജയുടെ വിവിധഭാ​ഗങ്ങളിലുള്ള 52 പദ്ധതികളിലൂടെ 60 ദശലക്ഷം ചതുരശ്ര അടിയി ഭൂമി വികസിപ്പിക്കുകയും ഇതിനായി 7.2 ബില്യൺ ദിഹർ ചെലവഴിക്കുകയും ചെയ്തു. മൂന്ന് വൻകിട റിയൽ എസ്റ്റേറ്റ് പദ്ധതികൾ, 18 വിനോദകേന്ദ്രങ്ങൾ, 10 ഹോസ്പിറ്റാലിറ്റി പദ്ധതികൾ, 7.7 കിലോമീറ്റർ ബീച്ച് വികസനം എന്നിവ ഇതുവരെയായി പൂർത്തിയാക്കി. നേരിട്ടും അല്ലാതെയുമായി സ്വദേശികളും വിദേശികളുമടക്കം 5,000 പേർക്ക് തൊഴിൽ നൽകി. സ്ഥാപിതമായി 15 വർഷം പൂർത്തീകരിക്കുന്ന വേളയിലാണ് ഷുറൂഖിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

H.E Ahmed Al Qaseer

വികസനത്തിന്റെ പേരിൽ കൂടുതൽ വ്യാപിപ്പിക്കുക എന്നതിലപ്പുറം തദ്ദേശീയരും പ്രവാസികളുമായ ജനങ്ങൾക്ക് ഒരേപോലെ അടുപ്പം തോന്നുന്നതും ആസ്വദിക്കാനുമാവുന്ന വിനോദകേന്ദ്രങ്ങൾ, സുസ്ഥിരവികസന ആശയങ്ങളിൽ ഊന്നിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾ, കലയെയും സാംസ്കാരികപ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങൾ, എമിറാത്തി പാരമ്പര്യവും ചരിത്രവും സംരക്ഷിക്കാനുള്ള പ്രത്യേക ദൗത്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് ഷുറൂഖിന്റെ വികസനകാൽപ്പാടുകൾ.

ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അം​ഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങളിലും ആശയങ്ങളിലുമൂന്നിയാണ് ഷുറൂഖിന് ഈ നേട്ടം കൈവരിക്കാനായാതെന്ന് ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. “ഷാർജയുടെ ഭൂപ്രകൃതിയിലും ഇവിടത്തെ മനുഷ്യരുടെ ജീവിതചുറ്റുപാടുകളിലും ഒരേപോലെ മാറ്റമുണ്ടാക്കിയിട്ടുള്ള, സാമ്പത്തികസുസ്ഥിരതയോടൊപ്പം തന്നെ സാംസ്കാരിവൈവിധ്യവും സമ്മേളിക്കുന്നതാണ് ഷുറൂഖിന്റെ പദ്ധതികൾ. ഓരോ പദ്ധതിയും അവശേഷിപ്പിക്കുന്ന കയ്യൊപ്പുകൾ രാജ്യാന്തരതലത്തിലുള്ള ഷാർജയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. വികസനക്കണക്കുകൾക്ക് അപ്പുറം ഓരോ പദ്ധതിയും മൂല്യവത്തായിരിക്കണമെന്നും വരുന്ന തലമുറകൾക്ക് കൂടി ഉപകാരപ്പെടുന്നതാവണമെന്നുമുള്ള വികസനകാഴ്ചപ്പാടിൽ ഊന്നിയുള്ള പ്രവർത്തനമാണ് ഷുറൂഖിന്റെ വിജയം”- ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

Sheikha Bodour bint Sultan Al Qasimi

ആരംഭം തൊട്ടുതന്നെ നിക്ഷേപകേന്ദ്രീകൃതമായ വികസന അതോറിറ്റി എന്നതിലപ്പുറം വേറിട്ട കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കാൻ ഷുറൂഖിന് ആയിട്ടുണ്ടെന്ന് ഷുറൂഖ് സിഈഓ ഹിസ് എക്സലൻസി അഹമ്മദ് അൽ ഖസീർ പറഞ്ഞു -“സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ മൂല്യങ്ങൾ സമ്മേളിക്കുന്നു എന്നതാണ് ഷുറൂഖിന്റെ നേതൃത്വത്തിലുള്ള വികസനപ്രവർത്തനങ്ങളുടെ സവിശേഷത. ഈ നാടിന്റെ മൂല്യങ്ങളും ഇവിടുത്തെ മനുഷ്യരുമാണ് എല്ലാത്തിന്റെയും ജീവൻ. ഷാർജ ഭരണാധികാരിയിൽ നിന്ന് പകർന്നുകിട്ടിയ ഈ മൂല്യം ഞങ്ങളൊരുക്കിയ ഓരോ പദ്ധതിയിലും പ്രതിഫലിക്കുന്നുണ്ട്. ഷെയ്ഖ ബുദൂറിന്റെ പിന്തുണയോടെ, വൈവിധ്യവും സുസ്ഥിരവുമായ വികസനമാതൃകകൾ മുന്നോട്ട് വയ്ക്കാനും അത് കൃത്യതയോടെ പൂർത്തീകരിക്കാനും ഊർജം പകരുന്നതും ഈ കാഴ്ചപാടാണ്. കഴിഞ്ഞ കാലങ്ങളിൽ ഷാർജയുടെ സാമൂഹ്യവും സാമ്പത്തികവുമായ ചുറ്റുപാടുകളിൽ ഷുറൂഖ് നടത്തിയ അത്തരം ഇടപെടലുകളുടെ ഫലമാണ് ഇപ്പോഴത്തെ ഈ നേട്ടങ്ങളെല്ലാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഖോർഫക്കാൻ ബീച്ച്, അൽ ഹീറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, അൽ മുൻതസ പാർക്ക്, ഫ്ലാ​ഗ് ഐലൻഡ്, കൽബ ബീച്ച് എന്നിങ്ങനെ, ഷാർജയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ 18 വിനോദ പദ്ധതികൾ ഷുറൂഖിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിട്ടുണ്ട്. 870 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് ഈ പദ്ധതികളൊരുക്കിയത്. കലാ-സാംസ്കാരിക പ്രവർത്തനങ്ങളും അതിലൂന്നിയുള്ള വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനായി 447 ദശലക്ഷം ചെലവഴിച്ച് അൽ നൂർ ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ, മറായ ആർട് സെന്റർ എന്നീ കേന്ദ്രങ്ങളുമൊരുക്കി. വായനയും ചരിത്രവും സാഹസിക വിനോദസഞ്ചാരവുമെല്ലാം സമ്മേളിക്കുന്ന മെലീഹ ദേശീയോദ്യാനം, ഹൗസ് ഓഫ് വിസ്ഡം ലൈബ്രറി എന്നിവയും ഷുറൂഖിന്റെ നേട്ടങ്ങളുടെ പട്ടികയിലുള്ളതാണ്.

Najd Al Meqsar

മറിയം ഐലൻഡ്, ഷാർജ സസ്റ്റൈനബിൾ സിറ്റി, അജ്‍വാൻ ഖോർഫക്കാൻ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് പദ്ധതികളിലായി 5 ബില്യൺ ദിർഹം നിക്ഷേപമാണ് ഷുറൂഖ് നടത്തിയിട്ടുള്ളത്. 98 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ പദ്ധതികളിൽ നിന്നുള്ളവർ ഇതിൽ വീടുകൾ വാങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരവും ആതിഥേയത്വവും സമ്മേളിക്കുന്ന ‘ഷാർജ കലക്ഷൻ’ എന്ന ഹോസ്പിറ്റാലിറ്റി പദ്ധതിയുടെ ഭാ​ഗമായി 10 പദ്ധതികളാണ് 850 ദശലക്ഷം ദിർഹം ചെലവഴിച്ച് ഒരുക്കിയിട്ടുള്ളത്. നജ്ദ് അൽ മഖ്സർ, കിങ് ഫിഷർ റിട്രീറ്റ്, അൽ ബദായർ, അൽ ഫായ റിട്രീറ്റ്, അൽ റയാഹീൻ, ചെടി അൽ ബെയ്ത് തുടങ്ങിയ പദ്ധതികളിലേറെയും നിരവധി രാജ്യാന്തര അം​ഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Al Heera Beach

വികസനഭൂപടത്തിൽ ഷാർജയെ തിളക്കത്തോടെ അടയാളപ്പെടുത്തുന്നതോടൊപ്പം പ്രവാസികളടക്കമുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഷുറൂഖിന് സാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരിട്ടും അല്ലാതെയുമായി ഇതുവരെ 5000 പേർക്ക് തൊഴിൽ നൽകാനായി. ഈ വർഷം പൂർത്തീകരിക്കാനൊരുങ്ങി നിൽക്കുന്ന ഹോസ്പ്പിറ്റാലിറ്റി പദ്ധതികൾ കൂടി കണക്കിലെടുക്കുമ്പോൾ തൊഴിലവസരങ്ങൾ ഇനിയും വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ 15 വർഷത്തെ ഷുറൂഖിന്റെ പ്രധാന നേട്ടങ്ങൾ, ചുരുക്കത്തിൽ:

  • 52 പദ്ധതികളിലായി 7.2 ബില്യൺ ദിർഹം നിക്ഷേപം
  • 60 ദശലക്ഷം ചതുരശ്ര അടി ഭൂമിയിൽ വികസനം
  • 3 പ്രധാന റിയൽ എസ്റ്റേറ്റ് പദ്ധതികൾ, 10 ഹോസ്പിറ്റാലിറ്റി സംരംഭങ്ങൾ, 18 റീട്ടെയിൽ -വിനോദ പദ്ധതികൾ
  • 7.7 കിലോമീറ്റർ ബീച്ച് വികസനം
  • റിയൽ എസ്റ്റേറ്റ് പങ്കാളിത്തങ്ങളിൽ മാത്രം 5 ബില്യൺ ദിർഹം
  • 2018 മുതൽ 2024 വരെ റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ 48.9% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR)
  • നേരിട്ടും അല്ലാതെയുമായി 5,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു
Al Qasba
The Flag Island
Al Noor Island

Print Friendly, PDF & Email

Leave a Comment