തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച മഹാദുരന്തമായിരുന്നു. ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. യാത്രക്കാരും മെഡിക്കൽ വിദ്യാർത്ഥികളും വിമാനജോലിക്കാരും ഉള്‍പ്പടെ 294 മനുഷ്യജീവനുകൾ നിമിഷങ്ങൾക്കുള്ളിലാണ് കത്തിയമര്‍ന്നത്. ഇത്രയധികം ജീവൻ അപഹരിച്ച അപകടത്തിൽ നിന്ന് ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഗതാഗത തടസ്സങ്ങൾ പോലുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര തടസ്സപ്പെടുന്നതിനാല്‍ വിമാനാപകടങ്ങളില്‍ നിന്ന് ചിലര്‍ രക്ഷപ്പെട്ട ചരിത്രവുമുണ്ട്. അതിലൊരാളാണ് ദേശീയ, പത്മ അവാർഡ് ജേതാവായ കേരളത്തിന്റെ സ്വന്തം യേശുദാസ്. 1971 ഡിസംബർ 9-നായിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയിൽ തകർന്നുവീണ ഇന്ത്യൻ എയർലൈൻസിന്റെ ആവ്രോ വിമാനമായ HS-748-ൽ യേശുദാസ് യാത്ര ചെയ്യേണ്ടതായിരുന്നു, എന്നാൽ, അദ്ദേഹം വിമാനത്താവളത്തിലെത്താൻ വൈകിയതിനാൽ വിമാനത്തിൽ കയറാന്‍ സാധിച്ചില്ല. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമായിരുന്ന ആവ്രോ വിമാനം മധുരയിലേക്ക് പറക്കുന്നതിനിടെ തകർന്നുവീണു. തിരുക്കൊച്ചിയിലെ ആരോഗ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജി ചന്ദ്രശേഖരപിള്ള ഉൾപ്പെടെ ഇരുപത് പേർ അപകടത്തിൽ കൊല്ലപ്പെട്ടു.
രണ്ടാമത്തെ സംഭവം നടന്നത് 1978 ഒക്ടോബർ 13-നാണ്. എയർ ഇന്ത്യ ബോയിംഗ് വിമാനം അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റ് അപകടം മണത്തറിഞ്ഞത്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വിമാനം ഒരു വന്‍ ദുരന്തത്തില്‍ നിന്ന് ഒഴിവായി. അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത് യേശുദാസ് മാത്രമല്ല…. ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകൻ വിനോദ്, ഗായിക സുജാത, സുജാതയുടെ അമ്മ എന്നിവരുമാണ്.
അന്ന് വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്ന സമയത്ത് ബാഗേജ് കമ്പാർട്ടുമെന്റിൽ നിന്ന് പുക ഉയർന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് വിമാനം മാഞ്ചസ്റ്ററിൽ അടിയന്തരമായി ഇറക്കി. തുടർന്നുള്ള പരിശോധനയിൽ വിമാനത്തിന്റെ ബൾബിൽ നിന്നുള്ള ചൂട് കാരണം യേശുദാസിന്റെ ഇലക്ട്രിക് ഓർഗൻ ഉരുകിയതായി കണ്ടെത്തി. അതായിരുന്നു പുക ഉയരാന്‍ കാരണം. അന്ന് പൈലറ്റ് സമയോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ വിമാനം ദുരന്തത്തില്‍ പെടുമായിരുന്നു.