ഇറാന്റെ സൈനിക, ആണവ സ്ഥാപനങ്ങൾ യുഎസ് ബോംബർ വിമാനങ്ങൾ ആക്രമിച്ചത് ഇത് ഒരു ചരിത്രപരമായ വിരോധാഭാസത്തെ പ്രതിഫലിപ്പിക്കുന്നു. 1971 ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തിൽ, യുഎസും ഇറാനും സഖ്യകക്ഷികളായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് പാക്കിസ്താനെ രക്ഷിക്കാൻ അമേരിക്ക ഇറാനോട് സഹായം ചോദിച്ചിരുന്നു. എന്നാൽ, ഇന്ന് അതേ അമേരിക്ക ഇറാനെ ആക്രമിക്കുകയാണ്.
1971-ലെ ഇന്ത്യാ പാക്കിസ്താന്‍ യുദ്ധ സമയത്ത്, അന്നത്തെ യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹെൻറി കിസിഞ്ജറുടെ അദ്ധ്യക്ഷതയിൽ വാഷിംഗ്ടണിൽ ഒരു ഉന്നതതല യോഗം നടന്നു. ആ സമയത്ത്, ഇന്ത്യ കറാച്ചി തുറമുഖത്ത് കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നു. പശ്ചിമ പാക്കിസ്താനിലെ ഇന്ധന ശേഖരത്തിന്റെ 80 ശതമാനവും ഇന്ത്യ നശിപ്പിച്ചു. കറാച്ചിയിലെ എണ്ണ സംഭരണ ടാങ്കുകളിൽ 12 മുതൽ 13 വരെ ആക്രമണങ്ങൾ നടന്നു, ഇത് 80% ഇന്ധനവും നശിപ്പിച്ചു. പാക്കിസ്താന് രണ്ടാഴ്ചത്തെ ഇന്ധനം മാത്രമേ ശേഷിക്കുന്നുള്ളൂ എന്ന് സി ഐ എ ഡയറക്ടര്‍ റിച്ചാര്‍ഡ് ഹെല്‍ംസ് യോഗത്തില്‍ പറഞ്ഞു. “ടെഹ്‌റാനിൽ നിന്ന് ഇന്ധന ട്രക്കിംഗ് സാധ്യമാണോ?” എന്നാണ് കിസിഞ്ജര്‍ ചോദിച്ചത്.
1971 ഡിസംബർ 8-ന് യുഎസ് ഉദ്യോഗസ്ഥർ ഇറാനിലെ ഷാ മുഹമ്മദ് റെസ പഹ്‌ലവിയെ കാണുകയും പാക്കിസ്താന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്തോ-സോവിയറ്റ് ഉടമ്പടി കാരണം നേരിട്ടുള്ള സൈനിക സഹായം സോവിയറ്റ് യൂണിയനുമായി ഏറ്റുമുട്ടലിന് കാരണമാകുമെന്ന് പറഞ്ഞ് ഷാ അത് നിരസിച്ചു. എന്നാല്‍, അദ്ദേഹം ഒരു ബദൽ നിർദ്ദേശിച്ചു: ജോർദാന്റെ F-104 യുദ്ധവിമാനങ്ങൾ പാക്കിസ്താനിലേക്ക് അയക്കുകയും ജോർദാനെ സംരക്ഷിക്കാൻ ഇറാൻ അവരുടെ വിമാനങ്ങൾ വിന്യസിക്കുകയും ചെയ്യുക എന്നതായിരുന്നു ആ ബദല്‍ സംവിധാനം. എന്നാല്‍, നിയമപരമായ നിയന്ത്രണങ്ങൾ കാരണം ആ പദ്ധതിയും പരാജയപ്പെട്ടു.
കിഴക്കൻ പാക്കിസ്താനിലെ പാക് സൈന്യം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടുവെന്നും 10-15 ദിവസത്തിനുള്ളിൽ അവരെ കീഴടക്കാൻ കഴിയുമെന്നും യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ കണക്കാക്കി. പശ്ചിമ പാക്കിസ്താനിലെ സ്ഥിതിയും ദുർബലമായിരുന്നു. ഇന്ത്യ ഒരു നീണ്ട യുദ്ധം നടത്തിയാൽ, പാക്കിസ്താന്റെ സൈന്യവും സമ്പദ്‌വ്യവസ്ഥയും തകരും. ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ നിക്സണും കിസിഞ്ജറും രണ്ട് തന്ത്രങ്ങൾ ആവിഷ്കരിച്ചു. അതിലൊന്ന് ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേനയെ സജീവമാക്കുക, രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിൽ യുഎസ് നാവിക സേനയുടെ ഏഴാമത്തെ കപ്പൽപ്പടയെ വിന്യസിക്കുക. “ചൈന അതിർത്തിയിലേക്ക് മുന്നേറിയാൽ ഇന്ത്യൻ സൈന്യം ഭയപ്പെടും” എന്നായിരുന്നു നിക്സന്റെ കണക്കു കൂട്ടല്‍. . ഇന്ത്യയെ ഒന്ന് ‘വിരട്ടാം’ എന്നു കരുതിയാണ് അമേരിക്കയുടെ ഏഴാം കപ്പല്‍ പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചത്. പക്ഷെ, ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. കപ്പല്‍ പടയെ അയച്ചോളൂ…. അവര്‍ തിരിച്ച് അമേരിക്കയിലേക്ക് പോകണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും” എന്ന ഇന്ദിരാഗാന്ധിയുടെ ഉറച്ച ശബ്ദം നിസ്കനെ വിറപ്പിച്ചു. അതോടെ കപ്പല്‍ പടയ്ക്ക് തിരിച്ചു പോകേണ്ടി വന്നു.