ഡോ. എം. അനിരുദ്ധന്‍ – ഒരു പ്രസ്ഥാനം (ഓര്‍മ്മക്കുറിപ്പ്): രാജു മൈലപ്ര

ഒരു വ്യക്തിയെന്ന നിലയിലുപരി ഒരു പ്രസ്ഥാനമായാണ് ഞാന്‍ അന്തരിച്ച ഡോ. എം. അനിരുദ്ധനെ വിലയിരുത്തുന്നത്.

1983 ജൂലൈ മാസത്തില്‍ മന്‍ഹാട്ടനിലെ ഷെറട്ടണ്‍ സെന്‍ററില്‍വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. അവസാനമായി കണ്ടത് 2022-ലെ ഒര്‍ലാന്‍ഡോ ‘ഫൊക്കാന’ കണ്‍വന്‍ഷന്‍ വേദിയില്‍വെച്ചും. കാലമേറെ കഴിഞ്ഞിട്ടും അതേ രൂപം, അതേ സൗമ്യമായ പെരുമാറ്റം, ഒരിക്കലും മായാതെ മുഖമുദ്രയായി നില്‍ക്കുന്ന അതേ പുഞ്ചിരി.

മലയാളി സമാജങ്ങളുടെ, ഓണാഘോഷമുള്‍പ്പെടെയുള്ള പരിപാടികള്‍ വല്ല സായിപ്പിന്‍റേയും പള്ളികളുടെ ബേസ്മെന്‍റിലോ, പബ്ലിക് സ്കൂളുകളുടെ ‘ഇന്‍ഡോര്‍’ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിലോ അരങ്ങേറിയിരുന്ന ആ കാലത്ത്, ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ‘ഷെറാട്ടണ്‍ സെന്‍ററില്‍’ വെച്ച് ഒരു സമ്മേളനം നടത്താന്‍ ധൈര്യം കാട്ടിയ അനിരുദ്ധന്‍റെ ആത്മവിശ്വാസത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു.

എന്നാല്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള, അന്നേ തമ്മില്‍ത്തല്ലി ചിതറിക്കൊണ്ടിരുന്ന മലയാളി സമാജങ്ങളേയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ശക്തമായ ഒരു ദേശീയ ഫെഡറേഷന്‍ രൂപീകരിക്കണമെന്ന അദ്ദേഹത്തിന്‍റെ ആശയവും ആഗ്രഹവും കേട്ടപ്പോള്‍ ‘എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം’ എന്നാണു ഞാന്‍ മനസ്സില്‍ വിചാരിച്ചത്. എന്നാല്‍, എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ആ അത്ഭുതം നടന്നു. ‘ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക’ (FOKANA) എന്ന ദേശീയ സംഘടന അന്നവിടെ ജന്മമെടുത്തു.

തുടക്കത്തില്‍ ഫൊക്കാനയോടു മുഖം തിരിച്ചു നിന്ന പല സംഘടനകളും പില്‍ക്കാലത്ത് ഫൊക്കാനയില്‍ അംഗത്വമെടുത്തു. ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനം ഒരു പ്രസ്റ്റീജ് പദവിയായി.

ആര് പ്രസിഡന്റായാലും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും എന്നും എപ്പോഴും ഡോ. അനിരുദ്ധന്‍ വഴികാട്ടിയായി ഒപ്പമുണ്ടായിരുന്നു.

രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക, സാമുദായിക മണ്ഡലങ്ങളിലെ അതികായകന്മാരെ പങ്കെടുപ്പിച്ച്, കണ്‍വന്‍ഷനുകളുടെ സ്വീകാര്യതയും ജനപങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതില്‍ അനിരുദ്ധന്‍ വഹിച്ച പങ്ക് അതുല്യമാണ്.

‘ഫൊക്കാന’ എന്ന പേര് കേരളത്തിലെ അധികാര കേന്ദ്രങ്ങളിലും സാധാരണ ജനങ്ങളിലുമെത്തിച്ച പ്രഗത്ഭനായ ഒരു തന്ത്രജ്ഞനായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ മലയാളി സംഘടനയായി ‘ഫൊക്കാന’യെ വളര്‍ത്തിയതിന്‍റെ ശില്പിയായിരുന്നു അദ്ദേഹം.

ഫൊക്കാനയുടെ വിവിധ കമ്മിറ്റികളില്‍ ഡോ. അനിരുദ്ധനോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

ഡോ. എം. അനിരുദ്ധന്‍റെ ഓര്‍മ്മ നിലനിര്‍ത്തേണ്ടത് ‘ഫൊക്കാന’ എന്ന പ്രസ്ഥാനത്തിന്‍റെ കടമയാണ്, ചുമതലയാണ്. അടുത്ത കണ്‍വന്‍ഷന്‍ വേദിയെ ‘അനിരുദ്ധന്‍ നഗര്‍’ എന്നു നാമകരണം ചെയ്യാവുന്നതാണ്. അതുപോലെ ‘ഭാഷയ്ക്കൊരു ഡോളര്‍’ മത്സരത്തിന്‍റെ വിജയിക്കു നല്‍കുന്ന പാരിതോഷികത്തിന്‍റെ പേര് ‘ഡോ. എം. അനിരുദ്ധന്‍ അവാര്‍ഡ്’ എന്നു മാറ്റാവുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

ഇതെല്ലാം ‘ഫൊക്കാന’ ഭാരവാഹികളുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണെന്നറിയാം. ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു എന്നു മാത്രം! ഡോ. അനിരുദ്ധന്‍ പ്രിയപ്പെട്ട ഒരു കുടുംബസുഹൃത്തായിരുന്നു. അദ്ദേഹത്തിന്‍റെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

(ലേഖകന്‍ ‘ഫൊക്കാനാ’ മുന്‍ നാഷണല്‍ ജോയിന്‍റ് സെക്രട്ടറിയായും ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്)

Leave a Comment

More News