ദോഹ (ഖത്തര്‍): ഗാസയില്‍ നിന്ന് പലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്നും, മറ്റൊരു രാജ്യത്ത് ജീവിതം ആരംഭിക്കണമെന്നുമുള്ള നിര്‍ദ്ദേശം മുന്നോട്ടു വെച്ച ട്രംപ് മലക്കം മറിയുന്നു. ആഗോളതലത്തിൽ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങളാണ് അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്നത്. ഗാസ മുനമ്പ് ഇസ്രായേൽ ഒഴിപ്പിച്ച് കൈവശപ്പെടുത്തുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്ന പ്രസ്താവനയാണ് അദ്ദേഹം ഇപ്പോള്‍ മാറ്റിപ്പറയുന്നത്. തന്റെ പ്രസ്താവന വെറുമൊരു “ശുപാർശ” മാത്രമാണെന്നും “നിയമപരമായ ഉത്തരവ്” അല്ലെന്നുമാണ് അദ്ദേഹം ഇസ്രായേല്‍ ആസ്ഥാനമായുള്ള ഒരു ഒരു മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, മിഡിൽ ഈസ്റ്റ് സംഘർഷം പരിഹരിക്കാനുള്ള “ഏറ്റവും നല്ല മാർഗം പലസ്തീനികള്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോകണം” എന്നായിരുന്നു ട്രംപ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു, “ഇത് എന്റെ പദ്ധതിയാണ്, ഇത് പ്രാവര്‍ത്തികമാക്കാമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇത് നടപ്പിലാക്കാൻ ഞാൻ നിർബന്ധിതനല്ല. ഞാൻ ഒരു നിർദ്ദേശം നൽകുക മാത്രമാണ്.”
അതേസമയം, ഇസ്രായേലുമായുള്ള സമാധാന കരാർ അംഗീകരിക്കാൻ ട്രംപ് ജോർദാനോടും ഈജിപ്തിനോടും ആവശ്യപ്പെട്ടിരുന്നു. ആ രാജ്യങ്ങൾക്കുള്ള അമേരിക്കൻ സഹായം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിർദ്ദേശത്തെ ന്യായീകരിച്ചത്. ആ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന സഹായം നിര്‍ത്തലാക്കുമെന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു. പക്ഷെ, അറബ് രാജ്യങ്ങൾ അത് നിരസിച്ചു. ജോർദാൻ ഒഴികെ, മറ്റു രാജ്യങ്ങള്‍ രോഗബാധിതരായ 2,000 കുട്ടികളെ ഏറ്റെടുക്കാൻ സമ്മതിച്ചു.
അതേസമയം, വെള്ളിയാഴ്ച, ഗാസയിൽ താമസിക്കുന്ന ഏകദേശം 20 ലക്ഷം ജനങ്ങൾക്ക് ഒരു ബദൽ പദ്ധതി അറബ് രാജ്യങ്ങൾ പരിഗണിച്ചു.
ഇസ്രായേലും ഹമാസും തമ്മിൽ അടുത്തിടെ നടന്ന ബന്ദി കൈമാറ്റത്തില്‍ പ്രദർശിപ്പിച്ച മൃതദേഹങ്ങളോടും ട്രംപ് പ്രതികരിച്ചു, അത് “ഭയാനകമാണ്” എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, ബന്ദികളെ രക്ഷിക്കണോ അതോ ഹമാസിനെ നശിപ്പിക്കണോ എന്ന്
നെതന്യാഹു ചോദിച്ചപ്പോൾ, ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.