രാജ്യം 79ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എന്റെ അപ്പാ കുട്ടിക്കാലത്തു എന്നോട് പറഞ്ഞു തന്നിട്ടുള്ള കഥകൾ ഇന്നത്തെ പുത്തൻ തലമുറയോട് പങ്കു വെച്ചാൽ തമാശ എന്ന് തോന്നും.
ഞാൻ ജനിച്ചത് കേരളത്തിലെ ഒരു ഒരു കൊച്ചു ഗ്രാമപ്രദേശത്തു ആയിരുന്നു. ആ ഗ്രാമപ്രദേശത്തു 1940 കളിൽ ജന്മിയും അടിയന്മാരും എന്ന വ്യത്യാസം നിലനിന്നിരുന്ന കാലം. ഒരു ജന്മിയെ ആശ്രയിച്ചു കഴിയുന്ന 50ൽ പരം കുടുംബങ്ങൾ. ആ കാലത്തെ പറ്റി എന്റെ അപ്പാ എന്റെ കുട്ടിക്കാലത്തു പറഞ്ഞു കേൾപ്പിച്ചിട്ടുള്ള കഥകൾ.
കാടും വനങ്ങളും വെട്ടി നിരപ്പാക്കി പിതാക്കന്മാർ സമ്പാദിച്ച കരയും പാടങ്ങളും. കാടും വനവും വെട്ടി നിരപ്പാക്കിയതിനു ശേഷം അവരൊക്കെ ചൂണ്ടി കാട്ടുന്നത്ര ഭൂമി ആധാരമാക്കി കൊടുക്കുന്നത് അന്നത്തെ തഹസീലമാർ ആയിരുന്നു. അന്നത്തെ ഭൂനികുതി വൻ തുകയായിരുന്നു.സാധാരണക്കർക്കോ പാവപെട്ട കൂലി വേലക്കാർക്കോ താങ്ങാനാവാത്ത ഭൂനികുതി. ഏക്കറുകൾ നേടിയെടുത്തവർ അതിന്റെ കരം കൊടുക്കുവാൻ അതിൽ കൃഷി ഇറക്കും. അതിനു വേണ്ടി ദിവസേന 50 പരം കൂലി വേലക്കാരും.അവർക്കു ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാൻ അടുക്കള സഹായികളായി കുറെ സ്ത്രീകളും. പാവങ്ങളുടെ ജീവിതമാർഗം ജന്മിമാരെ ആശ്രയിച്ചായിരുന്നു.
അന്നത്തെ കാലത്തു ജന്മിമാരുടെ വീടുകളിൽ ജോലിചെയ്തു ഭക്ഷണം കഴിക്കുന്നവരായിരുന്നു ഭൂരിഭാഗം പാവപ്പെട്ടവരും. പാവങ്ങളുടെ ജന്മിമാരുടെ വീടിന്റെ പുറകുവശത്തുള്ള ചായിപ്പിൽ (സൈഡ് റൂം) ആയിരുന്നു. അവർക്കൊക്കെ ഇരിക്കുന്ന കഴിക്കുവാൻ കൊരണ്ടി ആയിരുന്നു ഇരിപ്പടം. അവർക്കൊക്കെ അടുക്കളയിൽ കയറുവാനോ മുറികളിൽ കയറുവാനോ അയിത്തം കൽപിച്ചിരുന്ന നാളുകൾ. വിശപ്പടക്കുവാൻ മാത്രം പണിയെടുത്തു കഴിഞ്ഞ കുറെ പട്ടിണി പാവങ്ങൾ.
അന്നത്തെ അത്താഴം (ഇന്നത്തെ ഡിന്നർ) കഴിക്കുവാൻ നിവൃത്തികേടുള്ളവരായിരുന്നു ഭൂരിഭാഗവും പാവങ്ങളും. വിശക്കുമ്പോൾ മുണ്ടു മുറുക്കി ഉടുക്കുന്ന കാലം. വരുമാനം ഒന്നും നോക്കാതെ സന്താന ഉല്പാദനത്തിൽ മുന്നിൽ മുന്നിട്ടു നിൽക്കുന്നവർ. ഏഴും എട്ടും കുട്ടികളായിരുന്നു ഓരോ പാവപെട്ട കുടുംബങ്ങളിലും. കുട്ടികളെ നേരാംവണ്ണം വളർത്തിയെടുക്കുവാൻ വകയില്ലാത്തവരായിരുന്നു.
നഗരങ്ങളിൽ പോലും സൈക്കിൾ ഉള്ള വ്യക്തി വലിയ പത്രാസുകരനായിരുന്ന കാലമായിരുന്നു അത്. ഉന്നത ഉദ്യോഗസ്ഥർ വരെ ജോലിക്ക് പോകാൻ ആശ്രയിച്ചിരുന്നതും സൈക്കിൾ തന്നെ. ഹെർക്കുലിസ് മോഡൽ സൈക്കിളിന് 70 രൂപയേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂട്ടറും കാറുമെല്ലാം അപൂർവമാണ്. അതൊക്കെയുള്ളവർ രാജകീയ ജീവിതം നയിക്കുന്നവരായിരുന്നു.
നാണയങ്ങൾക്ക് മുൻ തൂക്കമുള്ള കാലം. പഞ്ചസാര കിലോയ്ക്ക് 40 പൈസ മതിയായിരുന്നു. ഒരുകിലോ ഗോതമ്പിനു 20 പൈസ വേണ്ടിയിരുന്നില്ല.
രൂപയ്ക്കും പൈസയ്ക്കും താഴെ അണ എന്ന കണക്കിലും ഇടപാടുകൾ നടന്നിരുന്നു. പഴമക്കാർക്ക് ഇതൊക്കെ ഓർമയുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഒരു രൂപയുമായി മാർക്കറ്റിലേക്ക് പോയാൽ സഞ്ചി നിറയെ സാധനങ്ങളുമായി വീട്ടിലേക്ക് വരാം. ഒരു രൂപ ഉണ്ടെങ്കിൽ അന്നത്തെ ആവോലിപോലുള്ള ഏറ്റം വിലപിടിപ്പുള്ള മീൻ വാങ്ങാമായിരുന്നു. എന്നാൽ പാവങ്ങൾക്ക് താങ്ങാനാവുന്നതല്ലായിരുന്നു. അവരൊക്കെ വാങ്ങിയിരുന്നത് മത്തിയും ഉണക്ക മീനും ആയിരുന്നു. ഇന്നത്തെ യുഗത്തിലെ യാതൊരു വിധ ആർഭാടങ്ങൾ കാണുവാനോ അനുഭവിക്കാനോ കഴിയാഞ്ഞവർ.
ചാണകം മെഴുകിയ വീടുകളിൽ ആയിരുന്നു പാവങ്ങളുടെ താമസം . ജന്മിമാർ കൊടുക്കുന്ന തെങ്ങിന്റെ ഓലകൊണ്ടുള്ള മേൽക്കൂര, മണ്ട പോയ തെങ്ങിന്റെ തടികളായിരുന്നു വീടിന്റെ പ്രധാന തൂണുകൾ. ഒറ്റ മുറിയിൽ ആയിരുന്നു എട്ടും പത്തും അംഗങ്ങളുള്ള ഓരോ കുടുംങ്ങളുടേയും താമസം.
നമ്മളൊക്കെ പ്രവാസ ജീവിതത്തിൽ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വർഗ്ഗതുല്യമായ ജീവിതങ്ങൾക്ക് ഈശ്വരനോട് നന്ദി ഉള്ളവരിയിരിക്കണം ഇല്ലായ്മകളുടെ പൂർവ കാലങ്ങളിലേക്കു തിരിഞ്ഞു നോട്ടം അനിവാര്യമാണ്.
സ്വാതന്ത്ര്യം ലഭിക്കുന്ന വേളയിൽ ഒരു ഡോറളിന് 4.16 രൂപ ആയിരുന്നത് ഇന്ന് 87 രൂപ കടന്നു. സ്വർണവിലയും അങ്ങനെ തന്നെ. പത്ത് ഗ്രാം സ്വർണത്തിന് 70 രൂപ ആയിരുന്നു 1945ൽ ഉണ്ടായിരുന്നത് എന്ന് ആലോചിക്കുമ്പോൾ ആർക്കും അതിശയം തോന്നും. ഇന്ന് 10 ഗ്രാം സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നിരിക്കുന്നു.
പെട്രോൾ ലിറ്ററിന് 20 പൈസയായിരുന്നു. അന്ന് ഉപയോഗം ജന്മിമാർക്ക് മാത്രമായിരുന്നു. ലഭ്യതയും കുറവായിരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽ കൊടുക്കണം.
ഒന്ന്, രണ്ട്, അഞ്ച് രൂപാ നോട്ടുകൾക്ക് വലിയ മൂല്യമായിരുന്നു. ഇന്ന് അഞ്ച് രൂപയുടെ നോട്ട് പോലും ഇല്ല. ചെറിയ നാണയങ്ങളെല്ലാം ഒഴിവാക്കി. പെട്രോൾ ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽ കൊടുക്കണം.
79 വർഷം കൊണ്ട് രാജ്യം വൻതോതിൽ മാറ്റപ്പെട്ടു. ഇന്നത്തെ പുത്തൻ തലമുറക്ക് ട്രങ്ക് കോളും മിന്നൽ കോളുകളുമൊന്നും അറിയാൻ സാധ്യതയില്ല. മാസത്തിൽ ഒരിക്കൽ വരുന്ന പ്രവാസികളുടെ കത്ത് കാത്തിരുന്ന കാലവും ഇന്നൊരു വെറുമൊരു കഥപോലെ ആയി.
ഗൾഫിൽ നിന്നുള്ള ഫോൺ വരുന്ന ദിവസം നേരത്തെ ഒരുങ്ങി ദൂരെയുള്ള വീട്ടിൽ പോയി കാത്തിരുന്ന കാലം പിന്നിട്ടു, ഇന്ന് സെക്കന്റ് കൊണ്ട് ആശയ വിനിമയം നടത്താവുന്ന സൗകര്യങ്ങളായി മാറിയിരിക്കുന്നു.
ജോലിയുടെ രൂപവും ഭാവവും മാറി. കമ്പ്യൂട്ടർ ഉണ്ടെങ്കിൽ വലിയ കമ്പനികളുടെ ജോലി പോലും വീടുകൾക്ക് അകത്തിരുന്ന് ചെയ്യാവുന്ന കാലമായി മാറിയിരിക്കുന്നു.
1945 ഓഗസ്റ്റ് 15 നു ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഇത്തരത്തിലുള്ള പുരോഗതിയെ പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ല. ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള നേട്ടങ്ങളുമായിട്ടാണ് ഇന്ത്യ കുതിച്ചു മുന്നേറുന്നത്. കാലം അതിവേഗം പോകുന്നു. വീണ്ടുമൊരു സ്വാതന്ത്ര്യ ദിനാഘോഷം കൂടി എത്തിയിരിക്കുന്നു. ഇത്തരുണത്തിൽ നമ്മുടെ പൂർവികന്മാർ അനുഭവിച്ച ദുരിതപൂർണമായ ജീവതങ്ങളെ ഓർക്കണം. ഇന്ന് നാം അനുഭവയ്ക്കുന്ന സൗഭാഗ്യങ്ങളിൽ ഈശ്വരനോട് നന്ദിയുള്ളവരായിരിക്കണം.
