പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും.
വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. അതിനുശേഷം ദീപം തെളിയിക്കും. ചിങ്ങമാസത്തിലെ ഒന്നാം തീയതി രാവിലെ 5 മണിക്ക് നട തുറക്കും. ഉഷപൂജയ്ക്ക് ശേഷം, ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് രാവിലെ 7.30 ന് നടക്കും.
എല്ലാ വർഷത്തെ പോലെ തന്നെയാണ് ഈ വർഷവും ശാന്തിയെ തെരഞ്ഞെടുക്കുന്നത്. കോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ ഞറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും.
രാവിലെ 9 ന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും.
മണ്ഡലകാലത്ത് ശബരിമലയിൽ ഭക്തർ എത്തിയത് 32,79,761 പേരാണ്. മകരവിളക്കിന് നടതുറന്ന ഡിസംബർ 30 മുതൽ 19,91,156 പേർ എത്തി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം തീർഥാടകർ അധികമായി വന്നു. നടവരവും കൂടിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 100 കോടിയോളം രൂപ അധികമായി ലഭിച്ചു. കഴിഞ്ഞവർഷം തീർഥാടനകാലത്ത് ദേവസ്വംബോർഡിന്റെ ആകെ വരവ് 357.47 കോടി രൂപയായിരുന്നു.
