തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
കുട്ടികൾക്കും സാധാരണ ജനങ്ങൾക്കും തെരുവ് നായകളെ പേടിക്കാതെ സ്വാതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ചെറിയ കുട്ടികൾ അടക്കം നിരവധി പേർ തെരുവ് നായ ആക്രമണം മൂലം മരണപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.
തെരുവ് നായകളെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കുക, നായകളെ വന്ധ്യംകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുക, നായകളുടെ കടിയേറ്റാൽ പരാതിപ്പെടുന്നതിന് ഹെൽപ്‌ലൈൻ ഏർപ്പെടുത്തുക, പേവിഷ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങി ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി ഏറെ പ്രസക്തമാണ്.
രണ്ട് വർഷം മുൻപ്, പ്രഭാത സവാരിക്കിടെ തെരുവ് നായകളുടെ ആക്രമണം മൂലം, ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞ ഗുജറാത്ത് സ്വദേശി ശതകോടീശ്വരനും ‘വാഗ് ബക്രി’ ടീ ഗ്രൂപ്പ് ഉടമയുമായ പാരാഗ് ദേശായിയുടെ അനുഭവം നമ്മളോർക്കണം.
ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന തെരുവ് നായ വിഷയത്തിൽ, സുപ്രീം കോടതിയുടെ വിധി ശാസ്ത്രീയമല്ലെന്നും ക്രൂരവും ദീർഘവീക്ഷണം ഇല്ലാത്തതുമാണെന്നുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം, ഇന്ത്യയൊട്ടാകെ പടരുന്ന ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഒട്ടും യാഥാർഥ്യബോധം ഇല്ലാത്തതും പ്രതിക്ഷേധാർഹവുമാണ്: ആനന്ദകുമാർ പറഞ്ഞു.
