മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകാൻ എത്തിയ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടി ആരോഗ്യ മന്ത്രിയുടെ ധാർഷ്ഠ്യത്തിന്റെ പ്രതിഫലനമാണെന്ന് വെൽഫെയർ പാർട്ടി വ്യക്തമാക്കി.
പ്രതിഷേധിക്കുകയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്നത് ജനാധിപത്യം നൽകുന്ന അടിസ്ഥാനാവകാശമാണെന്നും, കേരളം കമ്യൂണിസ്റ്റ് ഏകാധിപത്യ സർക്കാരിന്റെ പിടിയിലായിക്കൊണ്ടിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ പറഞ്ഞു.
ആശുപത്രി സൂപ്രണ്ടിനെതിരെ പാർട്ടി പ്രതിഷേധം അറിയിച്ചു. താൽക്കാലിക ജീവനക്കാർക്ക് ഉടൻ ശമ്പളം വിതരണം ചെയ്യുകയും, അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുകയും, ആരോഗ്യ മന്ത്രി തൊഴിലാളികളോട് മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെട്ടു.
ഒന്നര മാസത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാത്തത് ഗുരുതര അനീതിയാണ്. 32 കോടിയിലധികം രൂപ ഇൻഷുറൻസ് തുകയിൽ നിന്ന് സർക്കാർ അനുവദിക്കാനുണ്ട്. അതിൽ വെറും ഒരു കോടി രൂപ അനുവദിച്ചാൽ പ്രശ്നം ഉടൻ പരിഹരിക്കാനാവും. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ശമ്പളത്തിനായി ആശുപത്രി സേവനങ്ങൾക്ക് കൂടുതൽ തുക ഈടാക്കുന്നത് പ്രതിഷേധാർഹമാണെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.
ജനറൽ ആശുപത്രിയെ മഞ്ചേരിയിൽ നിലനിർത്തി മെഡിക്കൽ കോളേജിന് പുതിയൊരു കേന്ദ്രം അനുവദിക്കുന്നതാണ് പ്രശ്നത്തിന് സ്ഥിരപരിഹാരമെന്നും പാർട്ടി വ്യക്തമാക്കി.
എഫ്.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് ഫസൽ തിരൂർക്കാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഖീമുദ്ദീൻ സി.എച്ച്, സൈതാലി വലമ്പൂർ, മണ്ഡലം പ്രസിഡണ്ട് ഹനീഫ മാസ്റ്റർ, ബാപ്പുട്ടി അൽസബാഹ്, ഫൈസൽ നീറ്റിക്കൽ, ശിഹാബ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
