നോര്‍ത്ത് കരോലിന: ഷാര്‍ലറ്റില്‍ പുതുതായി സ്ഥാപിതമായ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശാ കര്‍മ്മം ഓഗസ്റ്റ് 8, 9 (വെള്ളി, ശനി) തീയതികളില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു. 8-ന് വെള്ളിയാഴ്ച ഷാര്‍ലറ്റില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ തിരുമേനിക്ക് പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് പുന്നച്ചാലിലും പള്ളി ഭരണസമിതി അംഗങ്ങളും വിശ്വാസികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനാനന്തരം പുതിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടന്നു.
തദവസരത്തില്‍ സിറ്റി മേയര്‍ റിച്ചാര്‍ഡ് ഫ്രാങ്ക്സ്, വാര്‍ഡ് കൗണ്‍സില്‍ മെംബര്‍മാരായ ഡോണിയേല്‍ ബാര്‍ബര്‍, ഡിമിട്രി എന്നിവരും ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേലധികാരികളായ ഹണ്ട് റോബര്‍ട്ട്, ചാള്‍സ് എന്നിവരും വന്ദ്യ കോര്‍ എപ്പിസ്കോപ്പമാരായ മാത്യു തോമസ് ഇടത്തറയും ജോസഫ് സി. ജോസഫും വൈദികരായ റവ. ഫാ. ബേസില്‍ ഏബ്രഹാം, റവ.ഫാ. ജോസഫ് കുളത്തറമണ്ണില്‍, റവ.ഫാ. ഡോ. തോമസ് ഫിലിപ്പ്, റവ.ഫാ. ജെയിംസ് ഏബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.
9-ന് ശനിയാഴ്ച അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ കോര്‍ എപ്പിസ്കോപ്പമാരുടെയും വൈദികരുടെയും സഹകാര്‍മ്മികത്വത്തിലും പള്ളി കൂദാശയുടെ രണ്ടാം ഭാഗമായ വിശുദ്ധ മൂറോന്‍ കൂദാശയും തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയോടും കൂടി കൂദാശാകര്‍മ്മ പരിപാടികള്‍ പര്യവസാനിച്ചു.
തദവസരത്തില്‍ മുന്‍ വികാരിമാരായ വന്ദ്യ കോര്‍ എപ്പിസ്കോപ്പ മാത്യു തോമസ് ഇടത്തറയേയും റവ.ഫാ. ജെയിംസ് എബ്രാഹത്തിനേയും ആദരിച്ചു.
പള്ളി കൂദാശയോടനുബന്ധിച്ച് നടന്ന റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2500 ഡോളര്‍ ഷാര്‍ലറ്റില്‍ നിന്നുള്ള ജെയിംസ് ജോസഫും രണ്ടാം സമ്മാനമായ 1500 ഡോളര്‍ ലിനിന്‍ബ്രൂക്ക് സെ. മേരീസ് ഇടവകാംഗമായ ജോജി കുര്യാക്കോസിനും മൂന്നാം സമ്മാനമായ 1000 ഡോളര്‍ ഷാര്‍ലറ്റില്‍ നിന്നുള്ള ക്രിസ് തോമസിനും ലഭിച്ചു.
പള്ളി വികാരി റവ.ഫാ. കുര്യാക്കോസ് പുന്നച്ചാലില്‍, സെക്രട്ടറി ഷാജി പീറ്റര്‍, ട്രസ്റ്റി രൂബേന്‍ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



