പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; അന്ത്യം യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍

തിരുവനന്തപുരം: ഇന്ന് (വ്യാഴാഴ്ച) തിരുവനന്തപുരത്ത് യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശിയാണ്.

പിടിപി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. റവന്യൂ മന്ത്രി കെ രാജന്റെ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ തൊഴിലാളികൾക്ക് നീതി തേടിയുള്ള ധീരമായ പോരാട്ടത്തിന് പേരുകേട്ടയാളാണ് മുതിർന്ന സിപിഐ നേതാവായ വാഴൂർ സോമൻ. 1835 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച സോമൻ പീരുമേട് എംഎൽഎയായി. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിറ്റ്.

വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ തിരുവനന്തപുരത്തെ എംഎൻ സ്മാരകത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

Leave a Comment

More News