സയണിസ്റ്റ് വംശീയ രാഷ്ട്രമായ ഇസ്രയേൽ തകരും: ഡോ.വി.പി. സുഹൈബ് മൗലവി

സോളിഡാരിറ്റി സംഘടിപ്പിച്ച ഫലസ്തീൻ പ്രാർത്ഥന സംഗമത്തിൽ പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ലോകത്തിലെ ഏറ്റവും ക്രൂരമായ വംശീയ ആക്രമണവും കൊലപാതകവും നടത്തുന്ന ഇസ്രയേൽ എന്ന സയണിസ്റ്റ് വംശീയ രാഷ്ട്രം തകരുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യ ആക്രമണവും പട്ടിണി മരണങ്ങളും നേരിടുന്ന ഫലസ്തീൻ ജനതയ്ക്കായി സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് പട്ടിണി മൂലം കുഞ്ഞുങ്ങളടക്കം കൊല്ലപ്പെടുന്നത് മനുഷ്യരായി പിറന്നവർക്ക് കണ്ട് നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്തസാക്ഷിത്വത്തിലൂടെ ഫലസ്തീൻ വിജയം വരിക്കുക തന്നെ ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് പറഞ്ഞു. എറണാകുളം ഗ്രാൻഡ് മസ്ജിദിൽ മഗ്‌രിബ് നമസ്കാരത്തോടെ ആരംഭിച്ച പ്രാർത്ഥന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഡോ. ആർ യൂസുഫ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്, ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, ജമാൽ അസ്ഹരി, അജ്മൽ കെ.പി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ല പ്രസിഡന്റ്‌ ജമാൽ പാനായിക്കുളം പ്രാർത്ഥനയ്ക്കും ഖുനൂത്തിനും നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ സംഗമത്തിൽ പങ്കെടുത്തു.

Leave a Comment

More News