രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാഹോദര്യം എന്ന കേന്ദ്ര ബിന്ദുവിൽ അധിഷ്ഠിതം: ജസ്റ്റിസ് നരിമാൻ

തിരുവനന്തപുരം:  സാഹോദര്യം എന്നത് എല്ലാ ആശയങ്ങൾക്കും അച്ചുതണ്ടായുള്ള ഒരു പ്രധാന കേന്ദ്രബിന്ദുവാണെന്ന്  മുൻ സുപ്രീം കോടതി ജസ്റ്റിസ് റോഹിന്റൺ ഫലി നരിമാൻ.  സാഹോദര്യം കൈവരിക്കുന്നതിനുള്ള ഒരു ചവിട്ടുപടി എന്ന നിലയിൽ മതേതരത്വം അനിവാര്യമാണെന്ന് പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പതിനാറാമത് കെ എം ബഷീർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“മതേതര രാഷ്ട്രത്തിലെ സാഹോദര്യം: സാംസ്കാരിക അവകാശങ്ങളുടെയും കടമകളുടെയും സംരക്ഷണം” എന്ന വിഷയത്തിൽ സംസാരിച്ച ജസ്റ്റിസ് നരിമാൻ, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സൂചിപ്പിക്കുന്ന, “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ” എന്നത്  “ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗമായ ഞങ്ങൾ” എന്നോ “ഇന്ത്യയിലെ മുതിർന്ന പുരുഷജനസംഖ്യയായ ഞങ്ങൾ” എന്നോ അല്ല അർത്ഥമാക്കുന്നത്. മറിച്ച്,  ഇന്ത്യക്കാരായ എല്ലാവരും എന്നാണ് അതു കൊണ്ട് അർത്ഥമാക്കുന്നതെന്നും ജസ്റ്റിസ് നരിമാൻ ഓർമിപ്പിച്ചു.

“ഓരോ പൗരന്റെയും അടിസ്ഥാന കടമ ഭരണഘടനയോടാണ്. ഓരോ പൗരനും ഭരണഘടനയോടും അതിന്റെ ആദർശങ്ങളോടും സ്ഥാപനങ്ങളോടും ആദരവ് പുലർത്തേണ്ടതുണ്ട് . ദേശീയ പതാകയോടുള്ള ബഹുമാനം അനിവാര്യമാണ്, ദേശീയ പതാക സാഹോദര്യത്തിനുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. ദേശീയ പതാകയിലെ വെള്ള നിറം സമാധാനവും ഐക്യവുമാണ് പ്രതിനിധാനം ചെയ്യുന്നത്.  ഓരോ തവണയും ദേശയീയ പതാകയിലേയ്ക്ക് നോക്കുമ്പോൾ സാഹോദര്യമാണ് നാം ആദ്യം കാണുന്നത്, ജസ്റ്റിസ് നരിമാൻ കൂട്ടിച്ചേർത്തു.

തുല്യമായ സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും സാമുദായിക ഐക്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച പ്രശസ്ത പൊതുപ്രവർത്തകനായ കെ.എം. ബഷീറിന്റെ ജന്മശതാബ്ദി വർഷം കൂടിയാണ് പ്രഭാഷണ പരമ്പരയിലെ 16-ാം പതിപ്പ് ആഘോഷിച്ചത്. മുൻ പോലീസ് ഡയറക്ടർ ജനറൽ ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. ജമീല ബീഗം; എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. സാജിത ബഷീർ; ചെയർപേഴ്‌സൺ  എ. സുഹൈർ എന്നിവർ സംസാരിച്ചു. കെ.എം. ബഷീർ അനുസ്മരണ പ്രഭാഷണത്തിന് ശേഷം ഒരു സംവേദനാത്മക സെഷനും സംഘടിപ്പിച്ചു. ജസ്റ്റിസ് നരിമാൻ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി  നൽകി.

Lecture video: https://www.facebook.com/100055931795132/videos/2016920605718941/

Leave a Comment

More News