വ്യാജ അബ്കാരി കേസില്‍ ജയിലടച്ച രണ്ട് പേര്‍ക്കും നഷ്ടപരിഹാരം നല്‍കണം, ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

കൊച്ചി: വ്യാജ അബ്കാരി കേസില്‍ പ്രതി ചേര്‍ത്ത് ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിഉത്തരവ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ക്കാണ് രണ്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. വ്യാജച്ചാരായ കേസുകളില്‍ കുടുക്കി രണ്ട് രണ്ട് മാസത്തോളമാണ് ഇവരെ ജയിലിലടച്ചിരുന്നത്. നഷ്ടപരിഹാരത്തുക ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അകാരണമായി ജയിലില്‍ കഴിഞ്ഞവര്‍ക്ക് ഉണ്ടാകുന്ന മാനസികാഘാതം വളരെ വലുതാണെന്ന് ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്ന വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. അമ്പത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണെന്നും അബ്കാരി കേസുകളില്‍ വിശദമായ പരിശോധന വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അബ്കാരി കേസുകളുടെ അന്വേഷണത്തെയും നടത്തിപ്പിനെയും കുറിച്ച് വിശദപരിശോധന വേണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി മുന്നോട്ട് വെച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത അബ്കാരി കേസുകള്‍ വിശദമായി പരിശോധിക്കണം. ഇതിന് വേണ്ടി ഒരു കമ്മിഷനെ നിയോഗിക്കാനും ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരെയും കള്ളക്കേസില്‍ കുടുക്കാമെന്ന അവസ്ഥയാണുള്ളത്. ഹരിമരുന്നു കേസുകളിലേതിന് സമാനമായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മഹസര്‍ തയാറാക്കാനാകുമോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News