എറണാകുളം: പൊതുസ്ഥലത്ത് കോളേജ് വിദ്യാര്‍ത്ഥിയെ വാഹനം തടഞ്ഞു നിർത്തി അപമാനിച്ചെന്ന പരാതിയിൽ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ബിരുദ വിദ്യാർത്ഥിയുടെ ബാഗ് പൊതുസ്ഥലത്ത് വെച്ച് പരിശോധിച്ച് അപമാനിച്ചെന്നാണ് പരാതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് ഉത്തരവിട്ടു.
കുറ്റാരോപിതനായ മുൻ കുളമാവ് എസ്‌ഐക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു. മുൻ കുളമാവ് എസ്‌ഐ പൊതുസ്ഥലത്ത് വിദ്യാർത്ഥിയോട് മാന്യമായും വിവേകത്തോടെയും പെരുമാറുന്നതിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ഐജിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
വിദ്യാർത്ഥിയുടെ തോളിലുണ്ടായിരുന്ന ബാഗ്, പൊലീസ് ബലമായി വലിച്ചെടുത്തതിനാൽ കഴുത്തിന് പരിക്കേറ്റിരുന്നു.ഇതിന് ചികിത്സ തേടിയതിന് തെളിവുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു.
കോതമംഗലത്ത് ഡിഗ്രിക്ക് പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ 2022 ഓഗസ്റ്റ് 23 ന് രാത്രി 11.40 നാണ് നാടുകാണിയിൽ വച്ച് കുളമാവ് എസ്ഐ തടഞ്ഞുനിർത്തിയത്. അസഭ്യം പറഞ്ഞെന്നും അന്യായമായി ദേഹപരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയുടെ ബാഗിലുണ്ടായിരുന്ന ലാപ് ടോപ്പിനും ക്യാമറക്കും തകരാർ സംഭവിച്ചെന്നും പരാതിയുണ്ട്. മയക്കുമരുന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനക്കിടയിലാണ് സംഭവമുണ്ടായത്. അതേസമയം ആരോപണങ്ങൾ തൊടുപുഴ ഡിവൈഎസ്പി നിഷേധിച്ചു. പൊലീസുദ്യോഗസ്ഥർ മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്.
തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗത്തോട് അന്വേഷണം നടത്താൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പോലീസുകാർ ബാഗ് വലിച്ചെടുത്തപ്പോൾ തോളെല്ലിനുണ്ടായ ക്ഷതത്തിന് വിദ്യാർത്ഥി രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയതായി കമ്മീഷൻ കണ്ടെത്തി. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് ഇതേ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിയുമായി ഇതേ പൊലീസ് സംഘം പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ പേരിൽ തർക്കമുണ്ടായതായും കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലീസ് മോശമായി പെരുമാറിയതെന്നാണ് പരാതി.
