ആഗോള അയ്യപ്പ സംഗമം – വൈകി വന്ന വിവേകം ???: കൃഷ്ണരാജ് മോഹനൻ

ശബരിമലയുടെ യഥാർത്ഥ ശക്തി കുടിയിരിക്കുന്നത് ഭക്തരുടെ ആത്മീയാനുഭവത്തിലാണ്. ഭക്തിക്ക് പ്രാധാന്യം കൊടുക്കാതെ, ഭഗവാന്റെ പേരിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികൾ കൊണ്ട് ഹൈന്ദവഹൃദയം കീഴടക്കാനാവില്ല എന്നതാണ് സർക്കാർ പിന്തുണയോടെ ദേവസ്വം ബോർഡ് നടത്തിയ “അയ്യപ്പസംഗമം” തെളിയിക്കുന്നത്.

കൃഷ്ണരാജ് മോഹനൻ

എന്നിരുന്നാലും, സംഗമവേദിയിൽ മുഖ്യമന്ത്രി തന്നെ “ശബരിമലയ്ക്ക് വേറിട്ടൊരു തനതായ ചരിത്രമുണ്ട്, അത് ശബരിയുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്ന് തുറന്നുപറഞ്ഞത്, മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ശബരിമലയുടെ ആചാരങ്ങളെ അംഗീകരിക്കുന്ന സ്വാഗതാർഹമായൊരു സമീപനമായി കാണാം. ഇതേ നിലപാട് ഔദ്യോഗികമാക്കുകയാണെങ്കിൽ, ശബരിമലയുടെ തനതായ ആചാരങ്ങൾ സംരക്ഷിക്കാനായി നാമജപ ഘോഷയാത്ര നടത്തിയ ഭക്തർക്കെതിരെ ഇപ്പോഴും നിലനിൽക്കുന്ന കേസുകൾ പിൻവലിക്കാനും, കൂടാതെ ശബരിമലയുടെ ചരിത്രവും ആചാരങ്ങളും ഹൈന്ദവീയമാണെന്ന് കോടതി മുന്നിൽ സർക്കാർ തുറന്നുപറയാനും കഴിയുമല്ലോ എന്ന പ്രതീക്ഷയാണ് ഭക്തരുടെ മനസ്സിൽ.

ജാതിമതഭേദമില്ലാതെ ഏവർക്കും വരാവുന്ന ഒരു ആത്മീയകേന്ദ്രമാണ് ശബരിമല. അയ്യപ്പസ്വാമിയുടെ ദിവ്യസാന്നിധ്യത്തിൽ വർഷംതോറും കോടിക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വിശുദ്ധപുണ്യഭൂമിയാണ് അത്. “തത്ത്വമസി” എന്ന മഹാവാക്യം ഉയർത്തിപ്പിടിക്കുന്ന ഈ തീർത്ഥാടന കേന്ദ്രം, മറ്റേതൊരു ആരാധനാലയങ്ങളെയും പോലെ തന്നെ സമ്പ്രദായങ്ങളും ഭക്തിയും സംരക്ഷിച്ചുകൊണ്ട്, കേരളത്തിന്റെ ഒരു ആത്മീയകേന്ദ്രമായി എക്കാലവും നിലനിൽക്കേണ്ടതാണ്.

ശബരിമലയുടെ പുരോഗതി, തീർത്ഥാടകരുടെ സൗകര്യം, നവീകരണം എന്നിവയാണ് സംഗമത്തിൻ്റെ യഥാർത്ഥ ലക്ഷ്യം ആയിരുന്നെങ്കിൽ, ‘ശബരിമല മാസ്റ്റർ പ്ലാൻ ചര്‍ച്ച’ അല്ലെങ്കിൽ ‘ശബരിമല വികസന സംവാദം’ പോലുള്ള പേരുകളിൽ വ്യക്തവും കാര്യനിർണ്ണയാത്മകവുമായ യോഗങ്ങൾ നടത്തേണ്ടിയിരുന്നു. എന്നാൽ, “നിക്ഷേപകരുടെ സംഗമം” എന്ന രീതിയിൽ നടന്ന പരിപാടി ഭക്തജനങ്ങളിൽ സംശയവും ആശങ്കയും മാത്രമേ സൃഷ്ടിച്ചുള്ളൂ. ശബരിമല ഒരു വ്യാപാരകേന്ദ്രമല്ല; അത് ആത്മീയ കേന്ദ്രമാണ്. ഭക്തിയുടെ പുണ്യസ്ഥലത്തെ വാണിജ്യവൽക്കരിക്കാതെ, ഭക്തജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്ന രീതിയിലാണ് വികസനം നടക്കേണ്ടത്.

ഈ “അയ്യപ്പസംഗമം” ഹൈന്ദവ സമൂഹത്തിനു സർക്കാരിനു വൈകിയെത്തിയ വിവേകമായി കരുതണമെങ്കിൽ, വേദിയിൽ പറഞ്ഞ വാക്കുകൾ കോടതിയിലും ഭരണഘടനാപരമായ നടപടികളിലും പ്രതിഫലിക്കേണ്ടിയിരിക്കുന്നു

സ്വാമി ശരണം!!!

കൃഷ്ണരാജ് മോഹനൻ, ന്യൂയോർക്ക്

Leave a Comment

More News