കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഭയക്കുന്നതെന്തിന്?

തിരുവനന്തപുരം: ഒക്‌ടോബർ നാലിന് എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയല്‍ ഐഡി കാർഡ് വാങ്ങാൻ ശശി തരൂർ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയപ്പോൾ പ്രവർത്തകരുടെ സാന്നിധ്യം കണ്ട് തരൂർ പോലും ഞെട്ടി. ആയിരത്തിലധികം യൂത്ത് കോൺഗ്രസുകാരും സാധാരണ പ്രവർത്തകരും തരൂരിനെ കാണാനും സ്വീകരിക്കാനും അവിടെ തടിച്ചുകൂടി. എന്നാൽ, തരൂർ വരുന്നുണ്ടെന്നറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ മുങ്ങി.

പാർട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യൂ രാധാകൃഷ്ണന് തിരിച്ചറിയൽ കാർഡ് വിതരണ ചുമതലയുള്ളതിനാൽ മുങ്ങാനായില്ല. കേരളത്തിലെ മുതിർന്ന നേതാക്കൾ തരൂരിനെ അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ നിന്നുള്ള രണ്ട് ലോക്‌സഭാ എംപിമാർ തരൂരിന് പരസ്യ പിന്തുണ അറിയിച്ചു കഴിഞ്ഞു. എറണാകുളം എംപി ഹൈബി ഈഡൻ, കോഴിക്കോട് എംപി എം കെ രാഘവൻ, മാത്യു കുഴൽനാഥൻ എംഎൽഎ എന്നിവർ ഒരു ഘട്ടത്തിൽ പിന്തുണയുമായി എത്തിയെങ്കിലും മുതിർന്ന നേതൃത്വം ഇടപെട്ട് മുന്നറിയിപ്പ് നൽകിയെന്നാണ് അറിയുന്നത്.

എന്നാൽ, തരൂരിനെ പിന്തുണച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്ക് കേരളത്തിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. യുവാക്കളുടേതാണ് ഇത്തരം പോസ്റ്റുകൾ എന്നതും ശ്രദ്ധേയമാണ്. 75 വർഷത്തിന് ശേഷം സോണിയ സ്ഥാനമൊഴിയുമ്പോൾ 80 കാരനായ ഖാർഗെ ആ സ്ഥാനം ഏറ്റെടുക്കുമെന്ന പരിഹാസ ശരങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

കേരളത്തിൽ നിന്ന് 330 കെ.പി.സി.സി. അംഗങ്ങളുണ്ട്. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂരിന് തന്റെ നാമനിർദേശ പത്രികയിൽ 10 കെപിസിസി അംഗങ്ങളുടെ ഒപ്പ് ആവശ്യമായിരുന്നു. എന്നാൽ, കേരളത്തിൽ നിന്ന് 17 പേർ തയ്യാറാണെന്നാണ് തരൂരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

തരൂരിനെ കേരള നേതാക്കള്‍ ഭയപ്പെടുന്നതെന്തിന്? സീനിയോറിറ്റിയും തരൂരിന്‍റെ ചില നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ എതിര്‍ക്കുന്നതെങ്കിലും യഥാര്‍ഥ കാരണം അതു മാത്രമല്ല. നെഹ്‌റു കുടുംബത്തിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥി അല്ലെങ്കിലും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. നെഹ്‌റു കുടുംബത്തിന്‍റെ പരോക്ഷ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പിന്തുണച്ച് പല്ലു കളയണോ എന്ന ചിന്തയാണ് പ്രധാനം.

രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ തുടങ്ങിയ പ്രബല നേതാക്കള്‍ പരസ്യമായി തന്നെ തരൂരിനെതിരെ രംഗത്ത് വന്നു. എന്നാല്‍, കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ആദ്യം മനഃസാക്ഷി വോട്ടെന്നും പിന്നാലെ ഖാര്‍ഗെയെന്നും പറഞ്ഞെങ്കിലും ഇപ്പോള്‍ നിലപാട് അല്പമൊന്ന് മയപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനത്തുള്ള നേതാക്കള്‍ ആരും സ്ഥാനാര്‍ഥികള്‍ക്ക് എതിരെ പരസ്യമായി രംഗത്ത് വരരുതെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായ മധുസൂദന്‍ മിസ്ത്രിയുടെ അന്ത്യശാസനം ഒരു പരിധിവരെ സുധാകരന് തുണയായി എന്നുവേണം കരുതാന്‍.

അസ്വസ്ഥരായി മുതിര്‍ന്ന നേതാക്കള്‍: ആര്‍ക്കെങ്കിലും വോട്ട് ചെയ്യണം എന്ന് ഔദ്യോഗികമായി നിര്‍ദേശിക്കാന്‍ കെ.പി.സി.സിക്ക് കഴിയില്ലെന്നതാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നിലപാട് മാറ്റം. യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ശശി തരൂരിന് ദേശീയ തലത്തില്‍ ലഭിച്ച ജനപിന്തുണയിലും ദേശീയ മാധ്യമ ശ്രദ്ധയിലും കേരള നേതാക്കള്‍ തികച്ചും അസ്വസ്ഥരാണ്. പക്ഷേ അത് ശശി തരൂര്‍ എന്ന വിശ്വപൗരന്‍റെ ഇമേജാണെന്ന യാഥാര്‍ഥ്യം അവര്‍ക്ക് മുന്നിലുണ്ടെങ്കിലും അതൊന്നും ഇവിടെ വിലപ്പോകില്ലെന്ന ഒരു തരം ഈഗോയാണ് കേരള നേതാക്കളെ നയിക്കുന്നത്.

എക്കാലവും നെഹ്‌റു കുടുംബത്തോട് കൂറു പുലര്‍ത്തിയ പാരമ്പര്യമാണ് കേരളത്തിലെ കോണ്‍ഗ്രസിനുള്ളതെന്ന ചരിത്രമുണ്ടെങ്കിലും ഒരു ഉടച്ചു വാര്‍ക്കല്‍ അനിവാര്യമായ കോണ്‍ഗ്രസില്‍ ഖാര്‍ഗെയെക്കാള്‍ സ്വീകാര്യത തരൂരിനെന്ന് പുതുതലമുറ ഉറച്ച് വിശ്വസിക്കുന്നു. ഒരുപക്ഷേ ഭാവിയില്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും തരൂര്‍ വളര്‍ന്നാല്‍ അത് തങ്ങള്‍ക്ക് തന്നെ ഭീഷണിയാണെന്ന തിരിച്ചറിവും കേരള നേതാക്കള്‍ക്കുണ്ട്.

എന്നാൽ കോൺഗ്രസിന്റെ പ്രത്യേക ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നില്‍ക്കാത്തത് പലപ്പോഴും തരൂരിന് തിരിച്ചടിയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പല അവസരങ്ങളിലും പുകഴ്ത്താൻ മടിക്കാത്ത തരൂർ കോൺഗ്രസിന് തന്നെ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും തരൂരിന് കോൺഗ്രസില്‍ പുതുമയും ആത്മവിശ്വാസവും ഘടനാപരമായ മാറ്റവും കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നവർ കുറവല്ല.

ബി.ജെ.പിക്ക് പൂർണ ശക്തി നൽകുന്ന ആർ.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ നിന്ന് പ്രചാരണം ആരംഭിച്ചതിലൂടെ താൻ ബി.ജെ.പിക്ക് എതിരാണെന്ന സന്ദേശവും തരൂർ മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്കിലും തൊള്ളായിരത്തിലേറെ വരുന്ന വോട്ടർമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ നേടുക എന്നതായിരിക്കും തരൂരിന് മുന്നിലെ വെല്ലുവിളിയെന്ന് വ്യക്തം. അങ്ങനെയെങ്കിൽ കോൺഗ്രസിൽ തരൂരിന്റെ ഭാവി നിർണായകമാകും.

Print Friendly, PDF & Email

Leave a Comment

More News