ന്യൂയോര്‍ക്ക്: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (NAINA) യുടെ അഞ്ചാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പെന്‍സില്‍വാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള ഷെറാട്ടണ്‍ വാലി ഫോര്‍ജ് ഹോട്ടലില്‍ വെച്ച് പ്രൗഢഗംഭീര സദസ്സില്‍ നടന്നു. NAINAയുടെ സജീവ പ്രാദേശിക ചാപ്റ്ററുകളില്‍ ഒന്നായ പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷ (PIANO)നായിരുന്നു കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകര്‍.
‘ഇടപഴകുക, പഠിപ്പിക്കുക, ശാക്തീകരിക്കുക: പ്രാക്ടീസ്, ലീഡര്‍ഷിപ്പ്, ഇന്നൊവേഷന്‍ എന്നിവയിലൂടെ നഴ്സിംഗ് മികവ് മെച്ചപ്പെടുത്തുക’ എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കോണ്‍ഫറന്‍സില്‍ വിദഗ്ദ്ധരുടെ പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, വിവിധ സെഷനുകള്‍ എന്നിവ കോണ്‍ഫറന്‍സിനെ വിജയകരമാക്കി. ഇന്ത്യന്‍ വംശജരായ നഴ്സുമാരെ ശാക്തീകരിക്കുന്നതിനും അവരുടെ സംഭാവനകള്‍ എടുത്തുകാണിക്കുന്നതിനും നഴ്സിംഗ് തൊഴിലിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനുമെല്ലാമുള്ള വേദിയായി നൈനയുടെ അഞ്ചാമത് കോണ്‍ഫറന്‍സ്. ആരോഗ്യപരിപാലന രംഗത്തെ വിദഗ്ദര്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുതായി സംഘടനയില്‍ അംഗത്വമെടുത്തവര്‍ക്ക് ഏറെ ഉപകാരപ്രദമായി. നഴ്സിങ് രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍, നഴ്‌സുമാരുടെ നേതൃത്വഗുണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, നഴ്‌സിങ് മേഖലയിലെ നൂതനമായ മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ കോണ്‍ഫറന്‍സിലെ ചര്‍ച്ചാവിഷയമായി.
ഇന്നത്തെ സങ്കീര്‍ണ്ണമായ ആരോഗ്യ സംരക്ഷണ പരിതസ്ഥിതികളില്‍ ഇന്ത്യന്‍ വംശജരായ നഴ്സുമാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു കോണ്‍ഫറന്‍സിലെ എല്ലാ സെഷനുകളും. കാലിഫോര്‍ണിയ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള നഴ്സുമാരുടെ പങ്കാളിത്തം കോണ്‍ഫറസിന്റേയും നൈനയുടേയും കരുത്ത് വെളിപ്പെടുത്തുന്നതായി. സംഘടനയുടെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിനെക്കുറിച്ചും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന നല്ല പദ്ധതികളെക്കുറിച്ചും സമ്മേളനത്തില്‍ അഭിപ്രായങ്ങളുയര്‍ന്നു. നഴ്സുമാര്‍ക്കു പുറമേ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിന്നും നിരവധി പേര്‍ നൈനയുടെ ക്ഷണം സ്വീകരിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
NAINA യുടെ പ്രസിഡന്റ് ശ്രീമതി ഉമാമഹേശ്വരി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഫറന്‍സ് ഭംഗിയായി നടന്നത്. NAINA എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിഫി ചെറിയാന്‍, നാഷണല്‍ കണ്‍വീനറും വൈസ് പ്രസിഡന്റുമായ താര ഷാജന്‍, പിയാനോ പ്രസിഡന്റും ചാപ്റ്റര്‍ കണ്‍വീനറുമായ ബിന്ദു എബ്രഹാം, NAINA APN ചെയര്‍മാനും കണ്‍വീനറുമായ ഡോ. ബിനു ഷാജിമോന്‍, NAINA ഫണ്ട്റൈസിംഗ് ചെയര്‍പേഴ്‌സണ്‍ സാറാമ്മ ഐപ്പ് എന്നിവര്‍ നേതൃനിരയിലെ ശക്തമായ സാന്നിധ്യമായി.
അമേരിക്കന്‍ നഴ്സസ് അസോസിയേഷന്റെ നഴ്സിംഗ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. കാറ്റി ബോസ്റ്റണ്‍-ലിയറി, ജെഫേഴ്സണ്‍ ഹെല്‍ത്തിലെ ചീഫ് നഴ്സിംഗ് ഓഫീസര്‍ ഡോ. ക്ലെയര്‍ മൂണി, ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ ചീഫ് നഴ്സിംഗ് ഓഫീസര്‍ ഡോ. ചൗഡ്രോണ്‍ കാര്‍ട്ടര്‍ ഷോര്‍ട്ട് എന്നിവര്‍ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകരായി. ക്ലിനിക്കല്‍ മികവ്, നഴ്സിംഗ് നേതൃത്വം, ആരോഗ്യ സംരക്ഷണ മേഖലയിലെ വികസനത്തിന്റെ ഭാവി എന്നിവയെക്കുറിച്ച് ഇവരോരോരുത്തരും ഫലപ്രദമായ സെഷനുകള്‍ നടത്തി. ജാരെഡ് സോളമന്‍, മിസ്റ്റര്‍ സേത്ത് ബ്ലൂസ്‌റ്റൈന്‍ (ഇലക്ഷന്‍ കമ്മീഷണര്‍), ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്തിലെ നഴ്സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍പേഴ്സണ്‍ ഡോ. അമിത അവധാനി തുടങ്ങിയവരുടെ സാന്നിധ്യവും കോണ്‍ഫറന്‍സിന് നിറം പകര്‍ന്നു.
NAINA യുടെ ചരിത്രത്തില്‍ ആദ്യമായി, ഒരു ഡിജിറ്റല്‍ സുവനീറിന്റെ പ്രകാശനവും ഗ്രാന്റ് റൈറ്റിംഗ് വര്‍ക്ക്ഷോപ്പ്, ക്ലിനിക്കല്‍ സ്‌കില്‍സ് സെഷന്‍ എന്നിവയുള്‍പ്പെടെ പ്രീ-കോണ്‍ഫറന്‍സ് സെഷനുകളുടെ ആമുഖവും സമ്മേളനത്തില്‍ നടന്നു. പിയാനോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീമതി ബ്രിഡ്ജറ്റ് വിന്‍സെന്റ്, പിയാനോ വൈസ് പ്രസിഡന്റ് ശ്രീമതി സൂസന്‍ സാബു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാല നൈറ്റ് കോണ്‍ഫറന്‍സിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു. സമാപന സമ്മേളനത്തില്‍ ‘DAISY ഹെല്‍ത്ത് ഇക്വിറ്റി അവാര്‍ഡുകള്‍’ സമ്മാനിച്ചു. ഡോ. ഗ്രേസ് സാമുവലിന് ഡെയ്സി വ്യക്തിഗത ആരോഗ്യ ഇക്വിറ്റി അവാര്‍ഡ് ലഭിച്ചു. ആരോഗ്യ സംരക്ഷണത്തില്‍ തുല്യത കൈവരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കരോലിനയെ (INA-NC) ‘ഡെയ്സി ചാപ്റ്റര്‍ ഹെല്‍ത്ത് ഇക്വിറ്റി അവാര്‍ഡ’് നല്‍കി ആദരിച്ചു. കോണ്‍ഫറന്‍സ് വിജയകരമാക്കാന്‍ സഹായിച്ച സ്‌പോണ്‍സര്‍മാരോടും ആദ്യാവസാനം പിന്തുണച്ചവരോടും NAINA ഭാരവാഹികള്‍ നന്ദി അറിയിച്ചു.
സേവനത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യം ഉയര്‍ത്തിപ്പിടിച്ച്, ചെസ്റ്റര്‍ കൗണ്ടിയിലെ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റിയെ പിന്തുണച്ച് ഒരു ചാരിറ്റബിള്‍ സംരംഭവും കോണ്‍ഫറന്‍സില്‍ NAINA സംഘടിപ്പിച്ചു. പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി പ്രതിനിധികള്‍ വീട്ടുപകരണങ്ങളും അതോടൊപ്പം സാമ്പത്തിക സംഭാവനകളും ഉദാരമായി നല്‍കി. നഴ്‌സിംഗ് തൊഴിലിനെ നിര്‍വചിക്കുന്ന അനുകമ്പയുടെ ഹൃദ്യമായ ഉദാഹരണമായിരുന്നു ഈ സംരംഭം. ഇടപഴകുക, പഠിപ്പിക്കുക, ശാക്തീകരിക്കുക എന്ന ദൗത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട്, ആഗോളതലത്തില്‍ ഇന്ത്യന്‍ നഴ്‌സുമാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അവരുടെ ശബ്ദമാകുന്നതിനും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.




