‘ഞങ്ങൾക്ക് പണമല്ല, ഞങ്ങളുടെ സഹോദരിയെ തിരികെ വേണം…’; തമിഴ്നാട്ടിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ബൃന്ദയുടെ കുടുംബം

കരൂർ: തമിഴ്‌നാട്ടിലെ കരൂരിൽ നടനും ടിവികെ മേധാവിയുമായ വിജയ്‌യുടെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇതുവരെ 40 പേർ മരിച്ചു. നൂറോളം പേർ ആശുപത്രികളിൽ ജീവനുവേണ്ടി പോരാടുകയാണ്. മരിച്ചവരിൽ 28 കാരിയായ ബൃന്ദയും ഉൾപ്പെടുന്നു, തന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനെ സഹോദരിയെ ഏല്പിച്ച് തന്റെ പ്രിയപ്പെട്ട നടൻ വിജയ്‌യെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിലാണ് അവർ റാലിയിൽ എത്തിയത്. എന്നാൽ, ആ റാലി അവരുടെ അവസാനത്തേതായിരുന്നു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, “എന്റെ സഹോദരി അവളുടെ കുട്ടിയെ എന്നെ ഏല്പിച്ചാണ് റാലിക്ക് പോയത്. വൈകുന്നേരം 4 മണിയോടെ ഞങ്ങൾ അവളെ വിളിച്ചു, പക്ഷേ അവൾ ഫോണ്‍ എടുത്തില്ല. ഞങ്ങൾ പലതവണ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. രാത്രി 10 മണിക്ക് ശേഷം അവളുടെ ഫോൺ പൂർണ്ണമായും പ്രവർത്തനരഹിതമായി.” ബൃന്ദയുടെ സഹോദരി പറഞ്ഞു. പിറ്റേന്ന് രാവിലെ, ബൃന്ദയുടെ ഭർത്താവ് സംഘാടകർക്ക് ഫോട്ടോ അയച്ചപ്പോഴാണ് തിക്കിലും തിരക്കിലും പെട്ട് ബൃന്ദ മരിച്ച വിവരം അറിഞ്ഞതെന്നും അവർ പറഞ്ഞു.

സംഭവത്തിൽ നടൻ വിജയ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ താൻ അതീവ ദുഃഖിതനാണെന്നും ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് പണമല്ല, ഞങ്ങളുടെ സഹോദരിയെ തിരികെ വേണം. റാലികൾക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്തില്ലെങ്കിൽ ഇത്തരം പ്രഖ്യാപനങ്ങൾ അർത്ഥശൂന്യമാണ്” എന്ന് പറഞ്ഞുകൊണ്ട് ബൃന്ദയുടെ സഹോദരി വിജയ്‌യുടെ പ്രഖ്യാപനം വൈകാരികമായി നിരസിച്ചു. “ഒരു പൊതു പരിപാടി നടത്തുകയാണെങ്കിൽ, മതിയായ സ്ഥലവും വെള്ളവും ഭക്ഷണവും ഉറപ്പാക്കുക. നഷ്ടപരിഹാരം മാത്രം ഒന്നിനും പരിഹാരമാകില്ല. അവർക്ക് ഞങ്ങളുടെ സഹോദരിയുടെ ജീവൻ തിരികെ നൽകാൻ കഴിയുമോ?” അവർ കൂട്ടിച്ചേർത്തു.

ഈ സംഭവം കരൂരിനെ മാത്രമല്ല, മുഴുവൻ തമിഴ്‌നാടിനെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും വലിയ ജനക്കൂട്ടത്തിനിടയിൽ സുരക്ഷാ ക്രമീകരണങ്ങൾ എന്തുകൊണ്ട് അപര്യാപ്തമായിരുന്നുവെന്ന് പൊതുജനങ്ങളും മരിച്ചവരുടെ കുടുംബങ്ങളും ചോദിക്കുന്നു. മികച്ച മാനേജ്‌മെന്റുണ്ടായിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ എന്നാണവരുടെ ചോദ്യം

Leave a Comment

More News