
പാലക്കാട് : ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് നടത്തി.
നഗരസഭയുടെ സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ജില്ലാ ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ അടിസ്ഥാന ജനവിഭാഗങ്ങൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയാണ് പാലക്കാട്ടെത്.
എന്നാൽ ചികിത്സാരംഗത്തും അടിസ്ഥാന സൗകര്യ മേഖലകളിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും പാലക്കാട് ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നില്ല.
സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥയാണ് ജില്ലാശുപത്രിയിലെതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും റിയാസ് ഖാലിദ് പറഞ്ഞു.
നഗരസഭാ കൗൺസിലറും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ എം.സുലൈമാൻ, ജില്ലാ സെക്രട്ടറി ബാബു തരൂർ, മണ്ഡലം പ്രസിഡൻറ് ഹാജാ ഹുസൈൻ, മണ്ഡലം സെക്രട്ടറി അബ്ദുൽ ഹക്കീം എന്നിവർ മാർച്ചിൽ നേതൃത്വം നൽകി.
