കാസർകോട് സ്‌കൂളിൽ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണം; വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹം : നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട് : കാസർകോട് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകരുടെ നടപടി കേരളത്തിന്റെ ഫലസ്തീൻ ഐക്യദാർഢ്യ മനസ്സിനേറ്റ മുറിവാണെന്നും, ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ഇസ്രായേലിന് പാദസേവ ചെയ്യുന്ന ഇത്തരം അദ്ധ്യാപകർ നമ്മുടെ നാടിന് അപമാനമാണെന്നും, പ്രസ്തുത അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു .

വിഷയം അറിഞ്ഞ ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും, വിദ്യാർത്ഥികൾക്ക് പ്രസ്തുത വേദിയിൽ തന്നെ തടയപ്പെട്ട ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു . ഇടതുപക്ഷ സർക്കാർ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്കും, ഫലസ്തീൻ ഉൾപ്പെടെയുള്ള മർദ്ദിത സമൂഹങ്ങൾക്കും ഒപ്പമാണെന്നും നാഷണൽ യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബണ്ടിച്ചാൽ, ട്രഷറർ കെ.വി.അമീർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷംസീർ കൈതേരി, അഷ്റഫ് പുതുമ, ഷംസാദ് മട്ടത്തൂർ, സഹീർ കണ്ണൂർ, റൈഹാൻ പറക്കാട്ട്, ഷമീർ ബാലുശ്ശേരി, ജെയിൻ ജോസ്, നൗഫൽ തടത്തിൽ, അഡ്വ. ഷെയ്ഖ് ഹനീഫ്, അബ്ദുൾസത്താർ എന്നിവർ സംസാരിച്ചു.

Leave a Comment

More News