തളിപ്പറമ്പ് കെവി കോംപ്ലക്സിൽ വന്‍ അഗ്നിബാധ; അമ്പതോളം കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കെ വി കോം‌പ്ലക്സില്‍ ഇന്ന് (വ്യഴാഴ്ച) ഉണ്ടായ അഗ്നിബാധയില്‍ അമ്പതോളം കടകൾ കത്തിനശിച്ചതായി ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു. രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം ഇപ്പോഴും അജ്ഞാതമാണ്. തീ നിയന്ത്രണവിധേയമാക്കാൻ കണ്ണൂർ, കാസർകോട്, മറ്റ് ജില്ലകളിൽ നിന്ന് 15 ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ കാലതാമസമുണ്ടായില്ലെന്ന് കളക്ടര്‍ പറഞ്ഞു.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെവി കോംപ്ലക്സിൽ ഇന്ന് വൈകുന്നേരം 4:30 ഓടെയാണ് തീപിടുത്തമുണ്ടായത്. 60 ലധികം കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അടുത്തുള്ള ഒരു ട്രാൻസ്ഫോർമറിൽ നിന്നുള്ള തീപ്പൊരിയെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപിടുത്തത്തിൽ ഈ ട്രാൻസ്‌ഫോർമറും കത്തിനശിച്ചു.

തീ പടർന്നയുടൻ വ്യാപാരികളും മറ്റുള്ളവരും സമീപത്തെ കടകളിൽ നിന്നും പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. തുടക്കത്തിൽ തളിപ്പറമ്പ് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും കടകൾക്കുള്ളിലേക്ക് തീ പടർന്നതിനാൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പിന്നീട്, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് 12 ഫയർ യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി. വിമാനത്താവളത്തിൽ നിന്നുള്ള ഉയർന്ന സാങ്കേതിക ഉപകരണങ്ങളുള്ള ഒരു ഫയർ എഞ്ചിൻ എത്തിയതിനു ശേഷമാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. മൊബൈൽ കടകൾ, തുണിക്കടകൾ, ഷൂ കടകൾ, പച്ചക്കറി കടകൾ, സ്റ്റീൽവെയർ കടകൾ എന്നിവ കത്തിനശിച്ചു.

തീപിടുത്തത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തൃച്ചംബരം വഴിയും മറ്റ് പ്രാദേശിക റോഡുകൾ വഴിയും വാഹനങ്ങൾ തിരിച്ചുവിട്ടു. നഗരത്തിൽ വൈദ്യുതി പൂർണ്ണമായും തടസ്സപ്പെട്ടു. അപകടം നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും അഗ്നിശമന സേനാംഗങ്ങൾക്ക് തീ പടരുന്ന പ്രദേശത്തേക്ക് പ്രവേശിക്കാൻ കഴിയാത്തത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

സ്ഥലത്തിന് ചുറ്റുമുള്ള കടകൾ ശരിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇത് രക്ഷാപ്രവർത്തനം നീണ്ടുനിന്നു. നേരത്തെ അറിയിച്ചിട്ടും അഗ്നിശമന സേനാംഗങ്ങൾ വൈകിയെത്തിയതായും ആരോപണമുണ്ട്.

Leave a Comment

More News