ഒറ്റപ്പാലം: വിദ്യാർത്ഥിനിയായ യാത്രക്കാരിയെ ബസില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കെഎസ്ആർടിസി ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.
ബസ് കിഴക്കൻ ഒറ്റപ്പാലത്ത് എത്തിയപ്പോൾ, ലക്കിടി പേരൂർ സ്വദേശിയായ കണ്ടക്ടർ പ്രദീപ് (39) പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനി കണ്ടക്ടറുടെ സീറ്റിനടുത്താണ് ഇരുന്നിരുന്നത്. കണ്ടക്ടർ തന്നെ അനുചിതമായി സ്പർശിച്ചുവെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയിൽ പറയുന്നു. പെൺകുട്ടി ഉടൻ തന്നെ പോലീസ് ഹെൽപ്പ് ലൈനിൽ വിളിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് കൺട്രോൾ റൂം ഒറ്റപ്പാലം പോലീസിൽ വിവരം അറിയിച്ചെങ്കിലും അപ്പോഴേക്കും ബസ് ആ പ്രദേശം കടന്നുപോയിരുന്നു. അവര്‍ പട്ടാമ്പി പോലീസിന് വിവരം കൈമാറി. പട്ടാമ്പിയിലെത്തിയ ബസ് പോലീസ് തടഞ്ഞുനിർത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ടക്ടറെ ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
