ശിരോവസ്ത്ര വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ യൂണിഫോമിന് വിരുദ്ധമായി, വിദ്യാർഥിനി ശിരോവസ്ത്രം ധരിച്ചെത്തിയ വിഷയത്തിൽ, പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും സ്കൂളിനെതിരെ വ്യാജ റിപ്പോർട്ട് നൽകിയ വിദ്യാഭ്യാസ വകുപ്പ് അനാവശ്യ വിവാദങ്ങൾക്കാണ് ശ്രമിച്ചത്.
ശിരോവസ്ത്രമില്ലാത സ്കൂൾ യൂണിഫോം ധരിക്കാൻ സന്നദ്ധമാണെന്ന് കുട്ടിയും രക്ഷിതാവും സ്കൂൾ അധികൃതരെ അറിയിച്ചിട്ടും, സ്കൂൾ മാനേജ്മെന്റ്നെ അകാരണമായി വിവാദത്തിൽപ്പെടുത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആണ്.
ശിരോവസ്ത്രം ധരിച്ചെത്തിയിട്ടും വിദ്യാഭ്യാസം നിഷേധിക്കുകയോ ഏതെങ്കിലും തരത്തിൽ കുട്ടിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയോ സ്കൂൾ അധികൃതർ ചെയ്യാതിരുന്നിട്ടും, പ്രശ്നം വഷളാക്കാൻ മനപ്പൂർവമായ ശ്രമം നടത്തിയത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ആണ്.
സമചിത്തതയോടെ കാര്യങ്ങളെ കാണുന്ന വിദ്യാഭ്യാസ മന്ത്രിയെ മനപ്പൂർവമായി തെറ്റിദ്ധരിപ്പിക്കാനും അതുവഴി ഒരു സമൂഹത്തെയാകെ സർക്കാരിന് എതിരാക്കാനും ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണം.
സ്കൂൾ നിഷ്‌ക്കർഷിക്കുന്ന യൂണിഫോം ധരിക്കാൻ വിദ്യാർഥികൾ സന്നദ്ധമാകണമെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്കാര്യത്തിൽ പൂർണ അധികാരം ഉണ്ടെന്നുമുള്ള ഹൈക്കോടതി ഉത്തരവിന് പുല്ലുവിലയാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കല്പിച്ചത്.
ഇത്തരം ഉദ്യോഗസ്ഥർ സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാനും, മനപ്പൂർവം സംഘർഷം സൃഷ്ടിക്കാനും ശ്രമിച്ചത് വളരെ ഗൗരവപൂർവം കാണണം: ആനന്ദകുമാർ ആവശ്യപ്പെട്ടു.
