നമ്പൂതിരി വിദ്യാലയത്തിന്റെ ‘ജ്ഞാനസാരഥി’ യ്ക്കു പ്രണാമം: സതീഷ് കളത്തിൽ

തൃശ്ശൂർ: പ്രമുഖ കഥകളി പ്രവർത്തകനും വിദ്യാദ്യാസ പ്രവർത്തകനും കേരള കലാമണ്ഡലം മുകുന്ദ രാജ സ്മൃതി പുരസ്കാര ജേതാവുമായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഡോക്യുമെന്റേറിയനും കവിയുമായ സതീഷ് കളത്തിൽ അനുശോചിച്ചു.

തൃശ്ശൂർ നഗരത്തിൽ, കോട്ടപ്പുറത്തു സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയത്തിന്റെ മാനേജരായിരുന്നു മൂന്നര പതിറ്റാണ്ടിലേറെ സി.കെ. നാരായണൻ നമ്പൂതിരിപ്പാട്.

കേരളത്തിലെ നമ്പൂതിരി സമുദായത്തിന് പാശ്ചാത്യരീതിയിലുള്ള പൊതുവിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി നമ്പൂതിരി 1919 ജൂണിൽ, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ അച്ഛൻ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള യോഗക്ഷേമ സഭയുടെ നേതാക്കൾ തുടങ്ങിവെച്ച നമ്പൂതിരി വിദ്യാലയം സാമ്പത്തിക പരാധീനത മൂലം ഒരു ഘട്ടത്തിൽ നിർത്തിപോകേണ്ട അവസ്ഥയുണ്ടായി.

ഈ അവസരത്തിൽ, സ്‌കൂളിന്റെ സംരക്ഷണാർത്ഥം, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ‘നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ്’ രൂപീകരിക്കുകയും നാരായണൻ നമ്പൂതിരിപ്പാട് അതിന്റെ സെക്രട്ടറിയും സ്‌കൂളിന്റെ മാനേജരും ആകുകയും ചെയ്തു.

‘അന്ന് അദ്ദേഹം ഈ സ്‌കൂളിനെ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേരളത്തിന്റെ ഈ ചരിത്ര വിദ്യാലയം ഇന്നുണ്ടാകുമായിരുന്നില്ല’ എന്ന്, സതീഷ് കളത്തിൽ തയ്യാറാക്കിയ നമ്പൂതിരി വിദ്യാലയത്തിന്റെയും സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെയും ചരിത്രം പറയുന്ന ‘ജ്ഞാനസാരഥി’ എന്ന ഡോക്യുമെറിയിൽ കേരളത്തിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായിരുന്ന പി. ചിത്രൻ നമ്പൂതിരിപ്പാടും വൈജ്ഞാനിക സാഹിത്യകാരനും ആണവ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എം. പി. പരമേശ്വരനും ഉൾപ്പെടെ നമ്പൂതിരി വിദ്യാലയവുമായി ബന്ധപ്പെട്ട നിരവധി വ്യക്തികൾ അഭിപ്രായപ്പെട്ടിരുന്നു.

“ഞങ്ങളെല്ലാം ഭാരവാഹികളെന്നു പറയാം എന്നല്ലാതെ ഞങ്ങൾ കാര്യമായൊന്നും ചെയ്തിരുന്നില്ല. നമ്പൂതിരി വിദ്യാലയത്തിന്റെ എല്ലാ ഭാരവും ഏറ്റിരുന്നത് അദ്ദേഹമായിരുന്നു.” എന്നാണ്, നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ് പ്രസഡന്റ് കൂടിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് ഡോക്യുമെറിയിൽ പറഞ്ഞത്.

അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന് ഒരിക്കൽക്കൂടി ‘ജ്ഞാനസാരഥി’ യുടെ പ്രണാമം.
******************
ജ്ഞാനസാരഥി ഡോക്യുമെന്ററി:
https://www.youtube.com/watch?v=JnKDXZVHvoM

സി.കെ. നാരായണൻ നമ്പൂതിരിപ്പാടിനെകുറിച്ചുള്ള ജ്ഞാനസാരഥിയിലെ പാട്ട്:
‘പ്രിയമുള്ളവനേ നീ വിട ചൊല്ലവേ’:
https://www.youtube.com/watch?v=za-Y2S08G2c

 

Leave a Comment

More News