തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കാവുന്ന തുകയുടെ പരിധി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ഏഴ് ഔദ്യോഗിക വാഹനങ്ങൾ ഇസഡ്+ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച്, ഈ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സംസ്ഥാന പോലീസ് മേധാവിക്ക് പ്രതിവർഷം ₹1.5 ലക്ഷം ചെലവഴിക്കാൻ അനുവാദമുണ്ട്. 2019-ല്‍ നിശ്ചയിച്ച നിരക്കാണിത്. ഇപ്പോൾ ആ തുക ഒരു വാഹനത്തിന് ₹2 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അറ്റകുറ്റപ്പണി ചെലവ് പരിധി വർദ്ധിപ്പിച്ചത്.
ടയറുകളുടെയും മറ്റ് സ്പെയർ പാർട്സുകളുടെയും വില വർദ്ധിച്ചതായി ഡിജിപി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലേബര്‍ ചെലവുകളും ഗണ്യമായി വർദ്ധിച്ചു. കൂടാതെ, അപകടങ്ങൾ മൂലമുള്ള അധിക ചെലവുകൾ കാരണം മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് പരിധി വർദ്ധിപ്പിക്കണമെന്നും സൂചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ആറ് ഇന്നോവ ക്രിസ്റ്റകളും ഒരു കിയ കാർണിവലും ഉൾപ്പെടുന്നു, അവ Z+ വിഭാഗത്തിലുള്ള വാഹനങ്ങളാണ്. ഏറ്റവും പഴയ മോഡൽ 2018 ൽ വാങ്ങിയ ഇന്നോവ ക്രിസ്റ്റയാണ്. രണ്ട് ക്രിസ്റ്റ വാഹനങ്ങളും 2025 ൽ വാങ്ങി. മറ്റെല്ലാ വാഹനങ്ങളും 2021 നും 2022 നും ഇടയിൽ വാങ്ങിയതാണ്. 2025 മെയ് മാസത്തിൽ, കിയ കാർണിവലിന്റെ നാല് ടയറുകൾ മാറ്റുന്നതിനായി ആഭ്യന്തര വകുപ്പ് 77,253 രൂപ അനുവദിച്ചു. കൂടാതെ, 2022 ൽ സർക്കാർ 33 ലക്ഷത്തിന് ഒരു കിയ കാർണിവൽ വാങ്ങി.
