KIIFB രജതജൂബിലി ആഘോഷങ്ങൾ നവംബർ നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (KIIFB) രജത ജൂബിലി ആഘോഷങ്ങൾ നവംബർ 4 ന് വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. KIIFB സുവനീർ, മലയാളം മാസിക, ബോട്ട് സോഫ്റ്റ്‌വെയർ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. ‘KIIFBverse: KIIFB in the Metaverse’ എന്ന പ്രദർശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മികച്ച പ്രകടനം കാഴ്ചവച്ച പദ്ധതി നിർവ്വഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്യും.

ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ   വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്), പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും.  കിഫ്ബി  സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം ‘നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിക്കും.    അഡീഷണൽ സി.ഇ.ഒ. മിനി ആന്റണി സ്വാഗതം ആശംസിക്കും. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി പുരുഷോത്തമൻ നന്ദി അർപ്പിക്കും.

രജത ജൂബിലി ആഘോഷത്തിന്റ ഭാഗമായി ഉച്ചയ്ക്ക് 2 മുതൽ 4 വരെ കനകക്കുന്ന് കൊട്ടാരത്തിൽ വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളുടെ ആസൂത്രണത്തിലും രൂപകൽപ്പനയിലും നടപ്പാക്കലിലുമുള്ള വെല്ലുവിളികളും അവയുടെ ലഘൂകരണവും എന്ന വിഷയത്തിൽ സെമിനാർ നടക്കും.  ഉദ്ഘാടനത്തെ തുടർന്ന് 7.30 മുതൽ റിമി ടോമി നയിക്കുന്ന സംഗീത നിശ അരങ്ങേറും.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിർണായക സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന  കിഫ്ബി 1999 നവംബർ 11 നാണ് നിലവിൽ വന്നത്. 2016 ലെ കിഫ്ബി (ഭേദഗതി) നിയമത്തിലൂടെ  ശക്തിപ്രാപിച്ച് ഒരു ലക്ഷം കോടിയോളം രൂപ മൂല്യം വരുന്ന വ്യത്യസ്തങ്ങളായ വൻകിടപദ്ധതികൾ ഏറ്റെടുത്തുകൊണ്ട് സംസ്ഥാനത്തിന്റെ വികസനപ്രക്രീയയിൽ സുപ്രധാന ചാലക ശക്തിയായിമാറി. നിലവിൽ 1190 പദ്ധതികളിലായി 90,562 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ട് കിഫ്ബിയുടെ പ്രവർത്തനം മുന്നേറുകയാണ്. നിർമാണ പദ്ധതികൾ, ദേശീയപാതകൾക്കും വ്യവസായിക അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ഭൂമി ഏറ്റെടുക്കൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 37,388 കോടി രൂപ കിഫ്ബി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News