കേരള സർവകലാശാല മുൻ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവൻ പിള്ള അന്തരിച്ചു; ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും

കൊച്ചി: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള (67) ഞായറാഴ്ച രാവിലെ 8.30 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ അന്തരിച്ചു. പത്തനംതിട്ടയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തലസ്ഥാന നഗരത്തിലെ ഉള്ളൂരിൽ സ്ഥിര താമസക്കാരനാണ്. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

കേരള സർവകലാശാലയുടെ ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റിയുടെ ഡീനും ആയിരിക്കെ 2018 ൽ അദ്ദേഹം കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതനായി. അന്നത്തെ ഗവർണറും യൂണിവേഴ്‌സിറ്റി ചാൻസലറുമായ പി സദാശിവം മഹാദേവൻ പിള്ളയെ നാല് വർഷത്തേക്ക് വൈസ് ചാൻസലറായി നിയമിച്ചു.

കേരള സർവകലാശാലയിൽ നിന്ന് 1980-ൽ ബി.എസ്‌സി, 1982-ൽ എം.എസ്‌സി, 1992-ൽ എം.ഫിൽ, 1996-ൽ പിഎച്ച്ഡി എന്നിവ പൂർത്തിയാക്കിയ അദ്ദേഹം 1982 മുതൽ 2001 വരെ കൊട്ടാരക്കരയിലെ സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗത്തിൽ ലക്ചററായിരുന്നു. 2001 മെയ് 17-ന് കേരള സർവകലാശാലയിൽ ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ റീഡറായി ചേർന്നു. 2005 ജൂലൈ 1-ന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 36 വർഷത്തെ അധ്യാപന പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു.

കേരള സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിന്റെ (ഒപ്റ്റോ ഇലക്ട്രോണിക്സ്) ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുസാറ്റ്, പെരിയാർ സർവകലാശാല, അളഗപ്പ സർവകലാശാല, പണ്ഡിറ്റ് രവിശങ്കർ ശുക്ല സർവകലാശാല തുടങ്ങിയ വിവിധ സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായിരുന്നു. കേരള സർവകലാശാലയുടെ സെനറ്റ്, അക്കാദമിക് കൗൺസിൽ, അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി എന്നിവയിൽ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജർമ്മനിയിലെ കാൾസ്രൂഹെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെൻസറിക്സ് ആൻഡ് ഇൻഫർമേഷൻ സയൻസ്) വിസിറ്റിംഗ് പ്രൊഫസറായിരുന്നു അദ്ദേഹം. മെറ്റീരിയൽസ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന് ആജീവനാന്ത അംഗത്വം ഉണ്ടായിരുന്നു.

Leave a Comment

More News