വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന തീരുവകൾ ഉടൻ കുറയ്ക്കാൻ കഴിയുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. ഇരു രാജ്യങ്ങളും ഇപ്പോൾ ഒരു “ന്യായമായ കരാറിലെത്താൻ” അടുത്തെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
“റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനാൽ ഇന്ത്യയ്ക്ക് വളരെ ഉയർന്ന താരിഫുകളാണ് ചുമത്തിയിരിക്കുന്നത്, എന്നാൽ ഇപ്പോൾ അവർ അത് ഗണ്യമായി കുറച്ചിട്ടുണ്ട്. ഞങ്ങൾ താരിഫ് കുറയ്ക്കാൻ പോകുന്നു… ഒരു ഘട്ടത്തിൽ ഞങ്ങൾ അവ കുറയ്ക്കും” എന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി വ്യത്യസ്തമായ ഒരു കരാറിനായി യുഎസ് ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ടെന്നും, മുൻ കരാറുകളേക്കാൾ വ്യത്യസ്തവും നീതിയുക്തവുമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിൽ ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ ഇരട്ടിയായി 50 ശതമാനമായി വർദ്ധിപ്പിച്ചതിന് ശേഷമാണ് ട്രംപിന്റെ പരാമർശങ്ങൾ. റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ വ്യാപാരത്തിന് മറുപടിയായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമായാണ് ഇതിനെ കണ്ടത്.
ഓഗസ്റ്റ് മുതൽ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുകയാണ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിർത്താൻ പോകുകയാണെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ആദ്യമായി ഈ അവകാശവാദം ഉന്നയിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഉറപ്പ്” കാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ട്രംപും മോദിയും തമ്മിൽ അത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.
“മറ്റുള്ളവരുമായി താരതമ്യം ചെയ്യാത്ത ഒരു കരാറാണ് ഞങ്ങൾ ഇന്ത്യയുമായി ഉണ്ടാക്കുന്നത്. അവർക്ക് ഇപ്പോൾ എന്നെ ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ അവർ വീണ്ടും നമ്മളെ ഇഷ്ടപ്പെടും. ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന ഒരു ന്യായമായ കരാറിലേക്കാണ് ഞങ്ങൾ നീങ്ങുന്നത്,” യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ പരാമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. എല്ലാവർക്കും ഗുണകരമാകുന്ന ഒരു കരാറിന് ഞങ്ങൾ അടുത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയെ വിമർശിക്കുകയും ട്രംപിന്റെ താരിഫ് തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്ത യുഎസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് സ്കോട്ട് ബസന്റ്. തീരുവ വർദ്ധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് മുമ്പ്, റഷ്യൻ എണ്ണയിൽ നിന്ന് ഇന്ത്യ “വലിയ ലാഭം” ഉണ്ടാക്കുന്നുവെന്ന് ബെസന്റ് ആരോപിച്ചിരുന്നു.
