ശബരിമല സ്വർണ്ണ കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് (നവംബര്‍ 20, 2025 വ്യാഴാഴ്ച) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സിപിഐഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പദ്മകുമാർ കേസിലെ എട്ടാം പ്രതിയാണ്. കേരള സര്‍ക്കാരിനും ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ നടക്കുന്ന നടപടികള്‍.

എസ്‌ഐടി മേധാവി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അജ്ഞാത സ്ഥലത്ത്, രാവിലെ ചോദ്യം ചെയ്യലിനായി എസ്‌ഐടിക്ക് മുന്നിൽ ഹാജരായ പത്മകുമാറിന്റെ അറസ്റ്റ് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് രേഖപ്പെടുത്തിയത്.

നേരത്തെ അറസ്റ്റിലായ പ്രതികളുമായും ശബരിമലയിൽ നടന്ന സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസുമായും പത്മകുമാറിനെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകൾ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടും എസ്‌ഐടി പരിശോധിച്ചിരുന്നു. കൂടാതെ, മുൻ ടിഡിബി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ടിഡിബി കമ്മീഷണർ എൻ. വാസു എന്നിവരുടെ മൊഴികൾ ഉൾപ്പെടെ നേരത്തെ അറസ്റ്റിലായവരുടെ മൊഴികൾ പത്മകുമാറിനെതിരെയായിരുന്നുവെന്ന് കേസുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ശബരിമലയിലെ രേഖകളിൽ കൃത്രിമം കാണിച്ചത്, ഔദ്യോഗിക രേഖകളിൽ സ്വർണ്ണ ഷീറ്റുകൾ ചെമ്പ് ഷീറ്റുകളായി പരാമർശിച്ചത് ഉൾപ്പെടെ, പത്മകുമാറിന്റെ അറിവോടെയാണെന്ന് നേരത്തെ അറസ്റ്റിലായവരുടെ മൊഴികളിൽ വ്യക്തമായ സൂചനകളുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ എസ്‌ഐടി വിശദമായി അന്വേഷിക്കുന്നുണ്ട്.

Leave a Comment

More News