അമേരിക്കയിൽ നഴ്സിംഗ് ഉൾപ്പടെ പല ബിരുദങ്ങളും ജൂലൈ 1 മുതൽ പ്രൊഫഷണൽ ഡിഗ്രി ആയി അംഗീകരിക്കില്ല

വാഷിംഗ്ടണ്‍: അമേരിക്കയിൽ ‘പ്രൊഫഷണൽ ഡിഗ്രി’യുടെ പട്ടികയിൽ നഴ്സിംഗ് അടക്കമുള്ള പല ബിരുദ കോഴ്സുകളും ഒഴിവാക്കി ഡിപ്പാർട്ട്മെൻ്റ് ഓഫ് എജ്യൂക്കേഷൻ. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ‘പ്രൊഫഷണൽ ഡിഗ്രി’ക്ക് പുതിയ നിർവചനം നൽകി മാറ്റം കൊണ്ടുവരുന്നത്. പുതിയ നിയമങ്ങൾ 2026 ജൂലൈ ഒന്നുമുതൽ നടപ്പിലാക്കാനാണ് തീരുമാനം. ഇത് നഴ്സിങ് വിദ്യാർഥികൾക്ക് ഫെഡറൽ വായ്പകളും വായ്പാ ഇളവുകളും ലഭിക്കുന്നതിനെ സാരമായി ബാധിക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, അമേരിക്കൻ ആരോഗ്യമേഖല നിലവിൽ നേരിടുന്ന നഴ്സുമാരുടെ കുറവ് കൂടുതൽ വഷളാക്കാനും സാധ്യതയുണ്ടെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.

1965ലെ ഒരു ഫെഡറൽ നിയമപ്രകാരം, ഒരു പ്രത്യേക തൊഴിലിൽ പ്രവേശിക്കുന്നതിനുള്ള അക്കാദമിക യോഗ്യതയും സാധാരണ ബിരുദ നിലവാരത്തിനപ്പുറമുള്ള പ്രൊഫഷണൽ വൈദഗ്ധ്യവും എന്നതാണ് പ്രൊഫഷണൽ ഡിഗ്രിയുടെ നിർവചനമെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു.

ഫാർമസി, ഡെൻ്റിസ്ട്രി, വെറ്ററിനറി മെഡിസിൻ, കൈറോപ്രാക്റ്റിക്, നിയമം, മെഡിസിൻ, ഓസ്റ്റിയോപതിക് മെഡിസിൻ, പോഡിയാട്രി, തിയോളജി തുടങ്ങിയ ബിരുദങ്ങൾ പ്രൊഫഷണൽ ഡിഗ്രിയിൽ ഉൾപ്പെടുന്നു.

പുതിയ ചട്ടങ്ങൾ അനുസരിച്ച് നഴ്സിങ്, ആർക്കിടെക്ചർ, അക്കൗണ്ടിങ്, ഓക്യുപേഷണൽ തെറാപ്പി, ഫിസിക്കൽ തെറാപ്പി, സ്പെഷ്യൽ എജ്യൂക്കേഷൻ, പബ്ലിക് ഹെൽത്ത്, സോഷ്യൽ വർക്ക് തുടങ്ങിയ നിരവധി ബിരുദങ്ങൾ പ്രൊഫഷണൽ ഡിഗ്രിയുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതുമൂലം ബിരുദാനന്തര നഴ്സിങ് വിദ്യാഭ്യാസത്തിനുള്ള ധനസഹായം ഗണ്യമായി കുറയുമെന്നും നഴ്സിങ് മേഖലയെ വളർത്താനും നിലനിർത്താനുമുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.

പ്രൊഫഷണൽ ഡിഗ്രിയുടെ പട്ടികയിൽ ഉൾപ്പെടാത്ത ബിരുദ പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കുറഞ്ഞ വായ്പാ പരിധിയായിരിക്കും ലഭിക്കുക. അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സ് ആകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടും ചെലവേറിയതുമായി മാറും. ട്യൂഷൻ ഫീസ് അടയ്ക്കുന്ന ബിരുദാനന്തര നഴ്സിങ് വിദ്യാർഥികൾക്ക് പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ നഷ്ടപ്പെടും.

റിപ്പോർട്ടുകൾ പ്രകാരം, പ്രൊഫഷണൽ ഡിഗ്രിയുടെ പട്ടികയിൽ ഉൾപ്പെട്ട ബിരുദങ്ങൾ ചെയ്യുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 50,000 ഡോളർ വരെയും മൊത്തം 2,00,000 ഡോളർ വരെയും വായ്പ എടുക്കാൻ കഴിയും. എന്നാൽ പ്രൊഫഷണൽ ഡിഗ്രി ആയി കണക്കാക്കാത്ത ബിരുദ പ്രോഗ്രാമുകളിലെ വിദ്യാർഥികൾക്ക് പ്രതിവർഷം 20,500 ഡോളർ എന്ന പരിധിയും മൊത്തം 1,00,000 ഡോളർ എന്ന പരിധിയും ആയിരിക്കും ലഭിക്കുക.

Leave a Comment

More News