മന്ത്രയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

മന്ത്രയുടെ (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ദാർശനിക ദൗത്യത്തിൻ്റെ തുടർച്ച ഉറപ്പുവരുത്തി, ഔദ്യോഗിക അധികാര കൈമാറ്റ ചടങ്ങ് അതീവ പ്രൗഢിയോടെ പൂർത്തിയായി. പ്രസിഡന്റ് ശ്രീ കൃഷ്ണരാജ് മോഹനൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.

സ്ഥാനമൊഴിയുന്ന ട്രസ്റ്റി ചെയർ ശ്രീ വിനോദ് കെയാർക്കെ ചടങ്ങിന് നേതൃത്വം നൽകി. കാലാവധി പൂർത്തിയാക്കിയ പ്രസിഡണ്ട് ശ്രീ ശ്യാം ശങ്കറും സെക്രട്ടറി ശ്രീ ഷിബു ദിവാകരനും മന്ത്രയുടെ സ്ഥാപകനും മുതിർന്ന നേതാവുമായ ശ്രീ ശശിധരൻ നായരുടെ സാന്നിധ്യത്തിൽ പുതു നേതൃത്വത്തിന് ചുമതലകൾ ഔപചാരികമായി കൈമാറി.

ശ്രീ ശശിധരൻ നായർ തൻ്റെ പ്രസംഗത്തിൽ മന്ത്ര എന്ന സംഘടനയുടെ അടിസ്ഥാന ആവശ്യകതയും പ്രാധാന്യവും എല്ലാവരെയും ഓർമിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഹൈന്ദവ മലയാളി സമൂഹത്തിൽ ഏറ്റവും പ്രസക്തവും അർത്ഥവത്തുമായ പ്രവർത്തനങ്ങളാണ് മന്ത്ര നിർവഹിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീ കൃഷ്ണരാജ് മോഹനൻ്റെ നേതൃത്വം മന്ത്രയെ അതിൻ്റെ യഥാർത്ഥ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മന്ത്രയുടെ മുൻ കൺവെൻഷനുകളായ സുദർശനം (ടെക്സാസ്), ശിവോഹം (നോർത്ത് കരോലിന) എന്നിവയിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവും ഊർജവും മന്ത്രയുടെ അടുത്ത അധ്യായത്തിന് ഉറച്ച അടിത്തറയാകുമെന്നു പ്രസിഡന്റ് ശ്രീ കൃഷ്ണരാജ് മോഹനൻ വ്യക്തമാക്കി. ന്യൂയോർക്ക് ആസ്ഥാനമായി 2027 ജൂലൈ 2-5 വരെ നടത്തപ്പെടുന്ന മന്ത്രയുടെ മൂന്നാമത് കൺവെൻഷൻ “ശാക്തേയം” മന്ത്രയുടെ ശക്തി സ്വരൂപത്തെ പ്രതിനിധീകരിക്കുന്ന ഒരു മികവുറ്റ കൺവെൻഷൻ ആയിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർത്തു.

മന്ത്രയുടെ ധാർമ്മിക അടിത്തറയിലും നിലവിലെ നേതൃത്വത്തിലും അചഞ്ചലമായ വിശ്വാസം പുലർത്തുന്ന സുമനസ്സുകളുടെ ശക്തമായ പിന്തുണയോടെ ഈ ദർശനം യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം പരാമർശിച്ചു.

ഊർജസ്വലമായി ഒരുമയോടെ പ്രവർത്തിക്കുന്ന പുതിയ ഭരണ സമിതിയിൽ അംഗമാവാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ജനറൽ സെക്രട്ടറി ആയി ചുമതലയേറ്റ ശ്രീ ഉണ്ണി തോയകാട്ട് അഭിപ്രായപ്പെട്ടു.

മന്ത്രയുടെ മറ്റ് ഭാരവാഹികളായ സഞ്ജീവ് നായർ – ട്രഷറർ (ന്യൂയോർക്ക്), രേവതി പിള്ള – പ്രസിഡന്റ് ഇലക്ട് (ന്യൂ ഹാംഷയർ), ഡോ. നിഷാ ചന്ദ്രൻ – ജോയിന്റ് സെക്രട്ടറി (ഷിക്കാഗോ), ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രവീണ മേനോൻ (ന്യൂജേഴ്സി), അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ നായർ , പുരുഷോത്തമ പണിക്കർ, സുരേഷ് ബാബു ചിറകുഴിയിൽ എന്നിവരും,
ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഹരീന്ദ്രനാഥ് വെങ്കിലാട്ട് (മെക്സിക്കോ), ഹരി ശിവരാമൻ (ടെക്സാസ്), കൊച്ചുണ്ണി ഇളവൻമഠം (ന്യൂയോർക്ക്), സരൂപ അനിൽ (വിർജീനിയ), സുനിൽ വീട്ടിൽ (ന്യജേഴ്സി), സുജനൻ പുത്തൻപുരയിൽ (കണക്ടിക്കട്ട്), രഞ്ജിത് എസ് പിള്ളൈ (ആർ വി പി ) എന്നിവരും മുൻ ഭരണ സമിതി അംഗങ്ങളായ, ശ്രീകുമാർ ഉണ്ണിത്താൻ, സന്തോഷ് നായർ, രാജേഷ് കല്ലിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Comment

More News