ഇന്ത്യയിലെ രാജ്ഭവനുകള്‍ ‘ലോക് ഭവനുകൾ’ എന്ന് പുനർനാമകരണം ചെയ്യുന്നു

തിരുവനന്തപുരം: ഗവർണറുടെ ആസ്ഥാനമായ രാജ്ഭവൻ ഇനി ലോക് ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പേര് മാറ്റം. ഇതോടെ കേരളത്തിലെ രാജ്ഭവനും ‘ലോക് ഭവന്‍’ എന്ന പേരില്‍ അറിയപ്പെടും.

പേര് മാറ്റം ഉടനടി നടപ്പിലാക്കാനും എല്ലാ ഔദ്യോഗിക രേഖകളിലും ആശയ വിനിമയങ്ങളിലും ലോക് ഭവൻ എന്ന പേര് ഉപയോഗിക്കാനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗവർണർ ഞായറാഴ്ച രാത്രി മുംബൈയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. ചൊവ്വാഴ്ചയോടെ വെള്ളയമ്പലത്തിലെ രാജ്ഭവന്റെ പ്രവേശന കവാടത്തിൽ ലോക് ഭവൻ എന്ന വാക്ക് സ്വർണ്ണ ലിപികളിൽ എഴുതപ്പെടും.

12 ഹെക്ടർ വിസ്തൃതിയുള്ള രാജ്ഭവൻ ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫീസുമാണ്. 1956 ൽ കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ മൂന്ന് രാജ്ഭവനുകൾ ഉണ്ടായിരുന്നു. തൈക്കാടുള്ള സർക്കാർ അതിഥി മന്ദിരം, എറണാകുളത്തെ ബോൾഗാട്ടി കൊട്ടാരം, ദേവികുളം കൊട്ടാരം എന്നിവ. ബോൾഗാട്ടി, ദേവികുളം കൊട്ടാരങ്ങൾ നവീകരണ, ടൂറിസം വകുപ്പുകൾക്ക് കൈമാറി. തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന കൊട്ടാരം പിന്നീട് രാജ്ഭവനാക്കി മാറ്റി.

1914 മുതൽ 1918 വരെ ഒന്നാം ലോക മഹായുദ്ധകാലത്ത് തിരുവിതാംകൂർ സൈന്യത്തിന്റെ യുദ്ധ കാര്യാലയവും കരസേനാ മേധാവിയുടെ ഔദ്യോഗിക വസതിയും ഈ കെട്ടിടമായിരുന്നു. 1919 മുതൽ രാജകുടുംബത്തിന്റെ അതിഥി കൊട്ടാരമായിരുന്നു.

1937 മുതൽ തിരുവിതാംകൂർ സർവകലാശാലയുടെ അതിഥിമന്ദിരമായി. ഇതില്‍ ജീവനക്കാർക്കായി 71 ക്വാർട്ടേഴ്‌സ്, ആശുപത്രി, പോസ്റ്റ് ഓഫീസ്, ലൈബ്രറി, പൂന്തോട്ടം, കളിസ്ഥലങ്ങൾ, ഫാമുകൾ, ബാൻഡ്‌സ്റ്റാൻഡുകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് ആഡംബര സൗകര്യങ്ങളുള്ള പ്രസിഡൻഷ്യൽ സ്യൂട്ടും ഉള്‍പ്പെടുന്നു.

Leave a Comment

More News