ഒരൊറ്റ തള്ളാ (ലേഖനം): രാജു മൈലപ്ര

രാവിലെ ഞാന്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് നിര്‍ത്താതെയുള്ള ബെല്ലടി. ഞാന്‍ ഫോണ്‍ എടുത്തില്ല. ദേ, പിന്നെയും പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ വീണ്ടും ബെല്ലടി. പരിചയമില്ലാത്ത നമ്പരാണ്. ബന്ധത്തിലോ സ്വന്തത്തിലോ ഉള്ള വല്ലവരും തട്ടിപ്പോയിക്കാണുമോ, എന്തോ? ഏതായാലും വരുന്നതു വരട്ടെയെന്നും കരുതി ഞാന്‍ ഫോണെടുത്തു.

“ഹലോ….!”
“എടാ, ഇതു ഞാനാ!”

സത്യം പറഞ്ഞാല്‍ ആരാണു വിളിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല.

“ഒന്നോര്‍ത്തു നോക്കിക്കേടാ… ഈ ശബ്ദം കേട്ടതായി നീ ഓര്‍ക്കുന്നില്ലേ! ശരിക്കും ഒന്നാലോചിച്ചേ!”

നല്ല പരിചയമുള്ള ശബ്ദം. പക്ഷേ അത്രയങ്ങോട്ടു പിടി കിട്ടുന്നില്ല.

“എടാ ക്ലീറ്റസേ! ഇതു ഞാനാ നിന്റെ ദാസപ്പന്‍”

“എന്റെ പൊന്നു കര്‍ത്താവേ! ദാസോ! എന്തൊക്കെയാണിഷ്ടാ വിശേഷങ്ങള്‍? എവിടുന്നാ വിളിക്കുന്നത്. ഇപ്പം പാട്ടൊന്നും കിട്ടുന്നില്ല അല്ലേ?”

“പാട്ടൊക്കെയിഷ്ടം പോലെ കിട്ടുന്നുണ്ട്. ഞാന്‍ വല്ലപ്പോഴുമേ ചെയ്യാറുള്ളൂ. ഇനി പിള്ളാരൊക്കെ പാടട്ടെ!”

“അപ്പോള്‍ താമസം ഇപ്പോള്‍ മദ്രാസ്സിലാണോ, അതോ കൊച്ചിയിലോ?”

“ക്ലീറ്റസേ! ഞാനിപ്പം ഡാളസ്സിലാണു സ്ഥിര താമസം. പിന്നെ മറ്റൊരു വിശേഷമുള്ളത്, ഇന്നു എന്റെ ജന്മദിനമാ… വയസ് എണ്‍പത്തിയാറ് ആയടാ!”

“ഓ-സോറി ഞാനതങ്ങു മറന്നു. കാലം പോകുന്ന പോക്കേ! വിഷ് യൂ എ ഹാപ്പി ബെര്‍ത്ത്‌ഡേ!”

‘താങ്ക് യൂ ഡാ… എടാ, പ്രഭ വിളിക്കുന്നു. ആരോ വന്നെന്നു തോന്നുന്നു. ഞാന്‍ പിന്നെ വിളിക്കാം. പണ്ടത്തെപ്പോലെ നമുക്കൊന്നു കൂടണം.. ബൈ ബൈ!”

ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞശേഷം, ക്ലീറ്റസ് ചേട്ടന്‍ തന്റെ വളഞ്ഞു തുടങ്ങിയ നടുവ് ഒന്നു നിവര്‍ത്തിയിട്ട്, കസേരയിലമര്‍ന്നിരുന്നു.

വലിയ വലിയ സെലിബ്രേറ്റുകളുമായി തങ്ങള്‍ക്ക് ‘എടാ, പോടാ’ ബന്ധമുണ്ടെന്ന്, സ്ഥാനത്തും അസ്ഥാനത്തും വിളമ്പുന്നത് ചിലരുടെ ഒരു മനോരോഗമാണ്.

ദാസേട്ടനുമായുള്ള കടിച്ചാല്‍ പൊട്ടാത്ത ഇരിപ്പിനെപ്പറ്റി പലരും പാടി നടക്കുന്നതു കേട്ടിട്ടുണ്ട്. ആ കൂട്ടത്തില്‍പ്പെട്ട ഒരു പൊങ്ങച്ചക്കാരനാണ് ക്ലീറ്റസ് ചേട്ടന്‍.

“ഞാനും ദാസുമായുള്ള ബന്ധത്തെക്കുറിച്ച് നിനക്കു വല്ലതുമറിയാമോ?” ചോദ്യം എന്നോടാണ്.

“അതെന്താ, നിങ്ങളു തമ്മിലുള്ള ബന്ധത്തെപ്പറ്റി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യപാഠത്തില്‍ പഠിക്കാനുണ്ടായിരുന്നോ?” എന്നു ചോദിക്കണമെന്നു വിചാരിച്ചെങ്കിലും, ഞാനതു തൊണ്ടയില്‍ തടഞ്ഞു വെച്ചു.

പതിവു തൂവെള്ള വസ്ത്രത്തിനു പകരം, നീല ഷര്‍ട്ടു ധരിച്ച ദാസേട്ടനോടൊപ്പം ലേഖകന്‍ (ഒരു പഴയ ചിത്രം)

ക്ലീറ്റസ് ചേട്ടന്‍ തുടരുകയാണ്: “പണ്ട് അമേരിക്കയില്‍ ലാന്‍ഡു ചെയ്താലുടനെ ദാസ് എന്നെ വിളിക്കും. എന്തിനാണെന്നറിയാമോ? വലിയ രഹസ്യമാ, ഇഷ്ടനു സ്വസ്ഥമായി ഇരുന്ന് ആരുമറിയാതെ വെള്ളമടിക്കണം. വോഡ്കയാണ് ഇഷ്ടം. വെള്ളം ചേര്‍ക്കാതെ ഒരൊറ്റ പിടിയാണ്. പിന്നെ പാട്ടായി, ചിരിയായി കളിയായി… പഴയകഥകളൊക്കെ പറഞ്ഞ്, ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ പാത്രിരാത്രി കഴിയും. നിനക്കറിയാമോ? പുള്ളിക്കാരന്‍ സാമ്പത്തികമായി ഒരു പൂവര്‍ ഫാമിലിയില്‍ നിന്നുള്ളയാളാണ്. ആദ്യമായി പാട്ടു പാടുവാനുള്ള അവസരം കിട്ടിയപ്പോള്‍, മദ്രാസിനു പോകാന്‍ പത്തിന്റെ പൈസാ കൈയിലില്ല. പിന്നെ ഞാന്‍ എന്റെ ചെവിയില്‍ കിടന്നിരുന്ന ചുവന്ന കടുക്കന്‍, സോറി കടുക്കനല്ല മോതിരം… കൈയില്‍ കിടന്ന മോതിരം ഊരി വിറ്റാണ് യാത്രാചിലവ് സംഘടിപ്പിച്ചത്. അതിന്റെ നന്ദി അങ്ങേര്‍ക്ക് ഇന്നുമുണ്ട്.”

“പുള്ളിക്കാരന്‍ പാടിയ ആദ്യത്തെ പാട്ട് ഏതാണെന്ന് നിനക്കറിയാമോ?”

വീണ്ടും ചോദ്യശരം എന്റെ നേര്‍ക്കു തന്നെ. ഞാനൊന്നു പതറി. എങ്കിലും പരിമിതമായ എന്റെ വിജ്ഞാനകോശത്തിലൊന്നു പരതിയിട്ട്:

“ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്..” എന്ന ശ്ലോകമല്ലേ?

ക്ലീറ്റസ് ചേട്ടന്‍ എന്നെ ഒന്നു നോക്കി, ഒരു പരിഹാസച്ചിരി പാസ്സാക്കി.

“നിനക്കൊരു പുണ്ണാക്കും അറിയത്തില്ല. നീ പറഞ്ഞ പാട്ട് സ്വാമിമാരു പാടിയതാ. ദാസന്‍ ആദ്യം പാടിയത് ‘ഇടയകന്യകേ പോവുക നീ…’ എന്ന ക്രിസ്തീയ പാട്ടാണ്. ഏതായാലും ഗുരുത്വമുള്ളവനാ. ഇപ്പോഴും ഗാനമേളക്ക് ഫസ്റ്റില്‍ പാടുന്ന പാട്ട് അതാ. നീ കേട്ടിട്ടില്ലേ?”

ഉണ്ടെന്നുള്ള അര്‍ത്ഥത്തില്‍ നിസ്സാഹായനായ ഞാന്‍ തലയാട്ടി.

“ങ്ങാ- മറ്റേ കാര്യം പറഞ്ഞു തീര്‍ന്നില്ലല്ലോ”

ക്ലീറ്റസ് ചേട്ടന്‍ വീണ്ടും തുടരുകയാണ്.

“അങ്ങിനെ കൊച്ചു വര്‍ത്തമാനമൊക്കെ പറഞ്ഞ്, വെള്ളമടിച്ചു പൂക്കുറ്റിയായി ബോധം കെട്ട് കൂര്‍ക്കം വലിച്ചൊരു ഉറക്കമുണ്ട്. കൂര്‍ക്കം വലി കേട്ടാല്‍, പുള്ളിക്കാരന്റെ ഗാനമേള ട്രൂപ്പിലെ കൊച്ചാന്റണി തബലയടിക്കുകയാണെന്നു തോന്നും. ആ സമയത്ത് ആരും ശല്യപ്പെടുത്തുന്നത് അങ്ങേര്‍ക്കിഷ്ടമല്ല. ഭയങ്കര ദേഷ്യക്കാരനാണ്. മൂക്കത്താണ് ശുണ്ഠി. എന്നാല്‍ നല്ല മൂഡിലാണെങ്കില്‍ ഉഗ്രന്‍ വളിപ്പടിക്കുകയും ചെയ്യും.”

“ഗാനമേളയുടെ അവസാനം പാടുന്ന ഒരു പാട്ടുണ്ടല്ലോ…. ‘കുട്ടനാടന്‍ പുഞ്ചയിലെ’ – ആ പാട്ടു പാടുന്നതിനു മുമ്പ് പുള്ളിക്കാരന്‍ സൈഡിലേക്കു നോക്കി, കണ്ണിറുക്കി ചിറി തുടക്കുന്നതു കണ്ടിട്ടുണ്ടോ? ഞാന്‍ ഫ്‌ളാസ്‌ക്കില്‍ കൊണ്ടു വന്ന് ആരും കാണാതെ ഒഴിച്ചു കൊടുക്കുന്ന വോഡ്ക്കായുമടിച്ചിട്ടാ ആ പാട്ടു കസറുന്നത്. പല തവണ ഞാന്‍ പറഞ്ഞതാ, ദാസേ, ഈ പോക്ക് അത്ര ശരിയല്ലെന്ന്… ആര്…. എവിടെ കേക്കാന്‍?”

ഭാരത സര്‍ക്കാര്‍ പത്മവിഭൂഷന്‍ നല്‍കി ആദരിച്ച, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ സ്വന്തം പൊന്നാട അണിയിച്ച് അനുഗ്രഹിച്ച, ഈശ്വരന്‍ സ്വന്തം ശബ്ദം നല്‍കി ഭൂമിയിലേക്കയച്ച, ജനകോടികളുടെ ആരാധനാമൂര്‍ത്തിയായ സാക്ഷാല്‍ യേശുദാസിനു വോഡ്ക ഒഴിച്ചു കൊടുത്ത ആ കൈകളില്‍ ഒന്നു മുത്തിയാല്‍ കൊള്ളാമെന്നു ഞാനറിയാതെ മോഹിച്ചു പോയി.

ദാസേട്ടനു മദ്യം നല്‍കിയെന്നു പറഞ്ഞ ക്ലീറ്റസ് ചേട്ടന്‍, അദ്ദേഹത്തിന്റെ ഗാനമേള ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട്.

ഇത്തരം തള്ളു വണ്ടികളുമായി നടക്കുന്ന ക്ലീറ്റസുമാരെ തട്ടിമുട്ടാതെ, വഴി നടക്കാനാവാത്ത ഒരവസ്ഥയാണല്ലോ ഇവിടെ.

അവാര്‍ഡുകളുടെ ഭാണ്ഡക്കെട്ടുകളും പേറി, പൊന്നാടയും പുതച്ച് ‘വിശ്വപൗരന്‍’ എന്ന ലേബലും നെറ്റിയിലൊട്ടിച്ചാണു പലരുടേയും നടപ്പ്, നടക്കട്ട്-കാര്യങ്ങള്‍ നല്ല ഞെരിപ്പായി നടക്കട്ട്!

‘ശംഭോ മഹാദേവ’

(ഗാനഗന്ധര്‍വ്വന്‍ പത്മവിഭൂഷന്‍ യേശുദാസിന്, ജനുവരി പത്തിനു എണ്‍പത്തിയാറു വയസു തികയുന്നു. ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു)

 

Leave a Comment

More News