കോഴിക്കോട്: ഓടുന്ന ബസ്സില്‍ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയെ റിമാന്റ് ചെയ്തു. നിലവിൽ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. അവരെ മഞ്ചേരി ജയിലിലേക്ക് മാറ്റും.
സംഭവം നടന്ന് ആറാം ദിവസം ഷിംജിതയെ അറസ്റ്റ് ചെയ്ത പോലീസിനെതിരെ വ്യാപക ആരോപണമുണ്ട്. പയ്യന്നൂരിലെ അൽ അമീൻ എന്ന സ്വകാര്യ ബസിൽ ദീപക് തനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചെന്ന് ആരോപിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തത്.
ഷിംജിത മുസ്തഫയ്ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഷിംജിതയ്ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷന്‍ 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ബസ്സില്‍ നിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ദീപക്കിന്റെയും ഷിംജിതയുടെയും ദൃശ്യങ്ങൾ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. ഷിംജിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ മുഴുവൻ ഭാഗവും വീണ്ടെടുക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു. ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതക്കെതിരെ നടപടി സ്വീകരിച്ചത്.
