
പാലക്കാട്: രാം നാരായൺ ഭാഗേലിനെ ബാംഗ്ലാദേശിയെന്ന് വിളിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി അനുവദിച്ച ജാമ്യം റദ്ദ് ചെയ്യാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ കലക്ടർ ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാർ അലംഭാവം മൂലമാണെന്നും ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ടും രാം നാരായണൻ്റെ സഹോദരൻ ശശികാന്ത് ആക്‌ഷന്‍ കൗൺസിലിൻ്റെ പിന്തുണയോടെ ഇന്ന് രാവിലെ മുതൽ കലക്ടറേറ്റ് പടിക്കൽ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. തുടർന്നാണ് കലക്ടർ ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികളെ ചർച്ചക്ക് വിളിച്ചത്.
രാം നാരായണന് വേണ്ടി ശബ്ദിക്കാനും പ്രതികൾക്കെതിരെ വാദിക്കാനും മണ്ണാർക്കാട് കോടതിയിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉണ്ടായിരുന്നില്ല എന്നതുതന്നെ സർക്കാറിൻ്റെ അലംഭാവം എത്രത്തോളമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. മുഴുവൻ കുറ്റവാളികളേയും അറസ്റ്റ് ചെയ്ത് അവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊണ്ട് പൂർണ്ണ നീതി നടപ്പിലാകുംവരെ സമര രംഗത്തുണ്ടാകുമെന്ന് ആക്‌ഷന്‍ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് കലക്ടർ അറിയിച്ചതിനെ തുടർന്ന് വൈകീട്ട് സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ആക്‌ഷന്‍ കൗൺസിൽ ചെയർമാൻ കെ. ശിവരാമൻ, കൺവീനർ അഡ്വ. കെ.എസ്. നിസാർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് എം. സുലൈമാൻ, ആക്‌ഷന്‍ കൗൺസിൽ അംഗം വിളയോടി ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ആക്‌ഷന്‍ കൗൺസിൽ അംഗങ്ങളായ അബ്ദുൽ ജബ്ബാർ, ഗഫൂർ വാടാനപ്പള്ളി, സജീവൻ കള്ളിച്ചിത്ര, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് സാബിർ പുലാപ്പറ്റ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
