കൊച്ചി: പാലക്കാട് അട്ടപ്പള്ളത്ത് നടന്ന ആൾക്കൂട്ട കൊലപാതക കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രതികൾ മൂന്ന് ദിവസത്തിനുള്ളിൽ കോടതിയിൽ കീഴടങ്ങണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവിട്ടു. പ്രതികൾ കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
അട്ടപ്പള്ളം സ്വദേശികളായ അനു, ആനന്ദൻ, രാജേഷ്, ഷാജി, ജഗദീഷ് കുമാർ, പ്രസാദ്, മുരളി, വിപിൻ എന്നിവരാണ് കേസിലെ പ്രതികൾ. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ഝാർഖണ്ഡ് സ്വദേശിയായ രാം നാരായൺ ബാഗേലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

പട്ടിക ജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പാലക്കാട്ടെ പ്രത്യേക കോടതി ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്. പ്രത്യേക കോടതി തങ്ങളുടെ ഭാഗം കേൾക്കാതെ ജാമ്യം അനുവദിച്ചുവെന്ന് ആരോപിച്ച് രാം നാരായണന്റെ സഹോദരൻ ശശികാന്ത് ബാഗലും ഹൈക്കോടതിയിൽ കേസിൽ കക്ഷി ചേർന്നിരുന്നു. കോടതിയില്‍ കീഴടങ്ങിയ ശേഷം പ്രതികൾക്ക് പുതിയ ജാമ്യാപേക്ഷകൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തീരുമാനമെടുക്കുന്നതിന് മുമ്പ് വിചാരണ കോടതി ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശിച്ചു. സർക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിപിൻ നാരായണൻ ഹാജരായി.
2025 ഡിസംബർ 18 നാണ് സുഹൃത്തിനെ അന്വേഷിച്ച് ഝാര്‍ഖണ്ഡ് സ്വദേശി രാം നാരായണ്‍ പാലക്കാട്ടെത്തിയത്. എന്നാല്‍, ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ജനക്കൂട്ടം അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
