ദുബായ് : കാഴ്ച പരിമിതിയുള്ള യാത്രക്കാരനെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച ബസ് ഡ്രൈവര്‍ക്ക് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) യുടെ ആദരം. ചെയർമാൻ മത്തർ അൽ തായറാണ് ഡ്രൈവര്‍ നയീം അബ്ബാസിന് സാക്ഷ്യപത്രം നൽകി ആദരിച്ചത്.
നയീമിന്റെ മാതൃകാപരമായ പ്രവൃത്തിയിൽ അൽ തായർ അഭിനന്ദനം അറിയിച്ചു. മാനുഷിക സഹായം മാത്രമാണ് ചെയ്തതെന്നും ആർ.ടി.എ. യിൽനിന്നു ലഭിച്ച ആദരവിന് സന്തോഷമുണ്ടെന്നും നയീം പറഞ്ഞു.
ഉപഭോക്തൃ സേവന നിലവാരവും പ്രവർത്തനമികവും ഉയർത്തുകയും പൊതുഗതാഗത സേവനങ്ങളിൽ ജനങ്ങളുടെ വിശ്വാസ്യതയും സുരക്ഷിതത്വ ബോധവും വർധിപ്പിക്കുന്ന ജീവനക്കാരെ ആർ.ടി.എ. പതിവായി അഭിനന്ദിക്കാറുണ്ട്.
