വിവാഹ ദിവസം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ഡേവ് ഫിജിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

അറ്റ്ലാന്റ: വിവാഹ ദിനത്തില്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഹെലികോപ്റ്റര്‍ ദുരന്തത്തിലൂടെ നിത്യതയിൽ ചേർക്കപ്പെട്ട ഡേവ് ഫിജിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദേശികളും മലയാളികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യൻ സമയം ജൂൺ 6ന് വൈകിട്ട് 9 മുതൽ 11.50 വരെ പ്രയിസ് കമ്മ്യൂണിറ്റി ചർച്ചിൽ സംസ്ക്കാര ശുശ്രൂഷകള്‍ നടന്നു. ജെസ്നി ദുഃഖം താങ്ങാനാകാതെ നിലവിളിച്ചതോടെ ചടങ്ങിൽ എത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീർ തുള്ളികൾ നിമിത്തം എല്ലാവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചു. അമ്മയുടെ തോളിലേക്ക് ചാരി കിടന്ന് വിലപിച്ച ജെസ്നിയെ ബന്ധുക്കളും സഭാ വിശ്വാസികളും ചേർന്ന് ആശംസിപ്പിച്ചു. പ്രത്യാശ ഗാനങ്ങൾ ആലപിച്ചും സ്മരണകൾ പങ്കുവെച്ചും ഫിജിയുടെ സുഹൃത്തുക്കൾ എത്തിയത് ഒരു പരിധി വരെ ആശ്വാസമായി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആഘോഷിച്ചു തീരും മുന്‍പേ ആണ്, ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റായ മലയാളി യുവാവ് ഡേവ് ഫിജിയും ഹെലികോപ്റ്റര്‍ പൈലറ്റും മെയ് 29ന് മരണപ്പെട്ടത്.

വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍ 66 ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടനാട് തലവടി ചുടുക്കാട്ടിൽ ജെസ്വിൻ വില്ലയിൽ സാം ഉമ്മൻ-ഷീല സാം ദമ്പതികളുടെ മകളാണ് വധു ജെസ്‌നി.

അറ്റ്ലാന്റയിൽ സ്ഥിരതാമസക്കാരും, മൂവാറ്റുപുഴ സ്വദേശികളുമായ ഫിജി – ഫേബ ദമ്പതികളുടെ മകനാണ് അന്തരിച്ച ഡേവ് ഫിജി. പ്രൗഢഗംഭീരമായ ആഘോഷങ്ങള്‍ക്ക് ശേഷം വടക്കന്‍ ജോര്‍ജിയയിലെ വിവാഹ വേദിയില്‍നിന്ന് മടങ്ങവെയാണ് വധൂവരന്മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നത്. പ്രൊഫഷണല്‍ പൈലറ്റായ ഡേവ് ഫിജി തന്നെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നതെന്ന തരത്തില്‍ ആദ്യ സൂചനകള്‍ വന്നിരുന്നെങ്കിലും, അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു. ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമുള്ള വിജനമായ വനപ്രദേശത്താണ് ഹെലികോപ്റ്റര്‍ പതിച്ചത്.

അപകടത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടവും യുഎസ് ഫെഡറല്‍ ഏജന്‍സികളും സംയുക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ഡോസണ്‍ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയര്‍ ആന്‍ഡ് ഇഎംഎസ് യൂണിറ്റുകള്‍ എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ജെസ്‌നിയെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) അന്വേഷണം ഏറ്റെടുത്തു. അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റര്‍ തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഈ അപകടം വ്യോമയാന മേഖലയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

അപകടത്തില്‍പ്പെട്ട റോബിന്‍സണ്‍ ആര്‍66 ഹെലികോപ്റ്ററുകള്‍ ആധുനിക സംവിധാനങ്ങളുള്ളവയാണ്. നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രെസ്റ്റിജ് ഹെലികോപ്‌റ്റേഴ്‌സ് എന്ന പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹെലികോപ്റ്റര്‍. സന്തോഷം മാത്രം നിറഞ്ഞ വിവാഹപ്പന്തലിലേക്ക് പെട്ടെന്നെത്തിയ മരണവാര്‍ത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ആഴത്തിലുള്ള ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്.

Leave a Comment

More News