ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തിരുവോണാഘോഷം 2026 ഓഗസ്റ്റ് 23 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.
മാവേലിത്തമ്പുരാനെ സ്വീകരിക്കാനായി നാലായിരത്തിലധികം പ്രജകളാണ് എത്തിച്ചേർന്നത്. താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ്, മറ്റു വിവിധ ഇനം കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മഹാബലിയെ എതിരേറ്റത്. 270 ഒരേ വേഷത്തിൽ ഒരേ ഭാവത്തിൽ ഒരേ താളത്തിൽ ഒരേ അംഗചലനങ്ങളോടെ അവതരിപ്പിച്ച മെഗാ തിരുവാതിര വർണ്ണനാതീതമായിരുന്നു.
ഇന്ത്യൻ കോണ്‍സുല്‍ ജനറൽ മഞ്ജുനാഥ്, ജഡ്‌ജി സുരേന്ദ്രൻ പട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
അമ്പലപ്പറമ്പിലെ കൃഷിത്തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ ഉപയോഗിച്ച് ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മുപ്പത്തിഅഞ്ചോളം വിഭവങ്ങളോടു കൂടിയുള്ള മെഗാ സദ്യയിൽ തൃശൂര്‍ അമ്പിസ്വാമിയുടെ പാലട പ്രഥമനും ചേർന്ന് രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെ നാലായിരത്തി ഇരുനൂറോളം അതിഥികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ക്ഷേത്രഭാരവാഹികൾ അവസരമൊരുക്കി.
വിവിധ ഡാൻസ് സ്‌കൂളുകൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, സ്‌കിറ്റുകൾ മറ്റു കലാരൂപങ്ങൾ എന്നിവ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ക്ഷേത്രത്തോട് ചേർന്നുള്ള 8.5 മില്യൺ ഡോളറോളം വിലമതിപ്പുള്ള 8.5 ഏക്കർ സ്ഥലം മാധവൻപിള്ള (സിപിഎ) ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു സംഭാവനയായി നൽകിയതായി രേഖാമൂലം അറിയിച്ചത് വൻ ജനാവലിയുടെ സന്തോഷത്തിനും പ്രശംസക്കും പാത്രീഭൂതമായി.
ആഘോഷവേളയിൽ സീനിയർ ലൈഫ് മെമ്പേഴ്‌സിനെ ജീവൻ സാധന പുരസ്കാരം നൽകി ആദരിക്കുകയും അവരുടെ സംഭാവനയെ ഓർമ്മപ്പെടുത്തുകയും ചെയ്‌തു. പ്രസിഡന്റ് ഡോ. രാമദാസ്, സുനിൽ നായർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ഓണാഘോഷം വൻ വിജയമാക്കിയ നല്ലവരായ എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും ഭാരവാഹികൾ നിസ്സീമമായ നന്ദി രേഖപ്പെടുത്തിയതോടെ ഈ വർഷത്തെ ഓണാഘോഷത്തിന്റെ തിരശ്ശീല വീണു.

